തിരുവനന്തപുരം: പൊലീസ് സേനയുടെ ഭാഗത്ത് നിന്നും നിരന്തരം വീഴ്‌ചകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന സാഹചര്യത്തില്‍ ഡിജിപി അനില്‍കാന്ത് വിളിച്ച് ഉദ്യോഗസ്ഥരുടെ യോഗം ഇന്ന് (ഡിസംബര്‍ 10, 2021) നടക്കും. എസ്.പിമാർ മുതല്‍ മുകളിലോട്ടുള്ള ഉദ്യോഗസ്ഥര്‍ പങ്കെടുക്കും.
സമീപകാലത്തായി പൊലീസിനെതിരെ നിരന്തരം ആരോപണങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. മോന്‍സൺ മാവുങ്കല്‍ കേസിൽ അടക്കം ഉന്നത ഉദ്യോഗസ്ഥര്‍ ആരോപണ വിധേയരാകുന്നത് പൊലീസിന് നാണക്കേടാവുകയാണ്. ഇതു കൂടാതെ പോക്‌സോ കേസ് കൈകാര്യം ചെയ്യുന്നതില്‍ വീഴ്‌ച, ഗാര്‍ഹിക പീഡന പരാതിയില്‍ നടപടി സ്വീകരിക്കുന്നതില്‍ സംഭവിച്ച വീഴ്‌ചകൾ തുടങ്ങി കോടതിയില്‍ നിന്നടക്കം നിരന്തര വിമര്‍ശനങ്ങള്‍ പൊലീസിനെതിരെ ഉയരുകയാണ്. ഇത്തരം വിമര്‍ശനങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാനുളള നിര്‍ദേശങ്ങള്‍ നല്‍കാനാണ് ഡിജിപി യോഗം വിളിച്ചത്.