തിരുവനന്തപുരം: കെ സുധാകരനെതിരെ ആഞ്ഞടിച്ച് കോണ്‍ഗ്രസ് വിട്ട സോളമൻ അലക്‌സ്. കെ സുധാകരനെ പോലെ ഒരു മാലിന്യം കെപിസിസി പ്രസിഡൻ്റായിരിക്കുമ്പോൾ ആത്മാഭിമാനത്തോടെ പ്രവർത്തിക്കാനാകില്ലെന്ന് സോളമൻ അലക്‌സ് പറഞ്ഞു.
കോൺഗ്രസ് പാർട്ടിക്കുള്ളിലെ നിരന്തരമായ അവഗണനയിലും ഇപ്പോഴത്തെ നേതൃത്വത്തിൻ്റെ തെറ്റായ പ്രവർത്തനങ്ങളിലും പ്രതിഷേധിച്ചാണ് കോൺഗ്രസില്‍ നിന്ന് രാജി വയ്ക്കുന്നത്. ഓരോ ദിവസവും കെ സുധാകരനെതിരെ ഞെട്ടിക്കുന്ന വാർത്തകളാണ് പുറത്തുവരുന്നത്. ആത്മാഭിമാനമുള്ള കോൺഗ്രസുകാർക്ക് ഇപ്പോൾ പ്രവർത്തിക്കാൻ കഴിയാത്ത അവസ്ഥയാണ്.
സോളമൻ അലക്‌സ് മാധ്യമങ്ങളെ കാണുന്നു നിയമസഭ തിരഞ്ഞെടുപ്പുകളിൽ സ്ഥാനാർഥിത്വം നൽകാതെ ഉമ്മൻചാണ്ടിയും എ ഗ്രൂപ്പും അവഗണിച്ചു. കെപിസിസി ജനറൽ സെക്രട്ടറി സ്ഥാനം ചോദിച്ചപ്പോൾ പരിഹസിച്ചുവെന്നും സോളമൻ അലക്‌സ് ആരോപിച്ചു. ഉപാധികളില്ലാതെ സിപിഎമ്മുമായി സഹകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
വാർത്താസമ്മേളനം നടത്തി നിലപാട് വ്യക്തമാക്കിയ ശേഷം സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവനുയുമായി സോളമന്‍ അലക്‌സ് കൂടിക്കാഴ്‌ച നടത്തി. എകെജി സെന്‍ററിലെത്തിയ സോളമന്‍ അലക്‌സിനെ ജില്ല സെക്രട്ടറി ആനാവൂർ നാഗപ്പൻ സ്വീകരിച്ചു. തുടർന്നായിരുന്നു വിജയരാഘവനുമായുള്ള കൂടിക്കാഴ്‌ച.
Read more: പുനസംഘടനയില്‍ തഴഞ്ഞു, അവഗണന സഹിച്ച് കോണ്‍ഗ്രസില്‍ തുടരില്ലെന്ന് സോളമൻ അലക്‌സ്