തിരുവനന്തപുരം: 325 കിലോ കഞ്ചാവുമായി ആന്ധ്ര സ്വദേശിയെ തിരുവനന്തപുരം സിറ്റി ഷാഡോ പൊലീസ് പിടികൂടി. ആന്ധ്രാപ്രദേശിലെ ഈസ്റ്റ് ഗോദാവരി ജില്ലയിലെ ടുണി എന്ന സ്ഥലത്ത് നിന്നാണ് വിശാഖപട്ടണം സ്വദേശിയായ ശ്രീനു എന്ന് വിളിക്കുന്ന ശ്രീനിവാസിനെ ഷാഡോ പൊലീസ് സംഘം പിടികൂടിയത്. മാസങ്ങൾക്ക് മുൻപ് നഗരത്തിൽ വില്‍പ്പനക്കായി കൊണ്ടുവന്ന 136 കിലോ കഞ്ചാവുമായി മൂന്ന് മലയാളികളെയും 10 കിലോ കഞ്ചാവുമായി ഒരു ആന്ധ്ര സ്വദേശിയെയും പിടികൂടിയിരുന്നു. ഇവരെ ചോദ്യം ചെയ്തതിൽ നിന്ന് കിട്ടിയ വിവരമനുസരിച്ചും, മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലുമാണ് ആന്ധ്രപ്രദേശിലെ നർസി പട്ടണം, ഈസ്റ്റ് ഗോദാവരി എന്നീ സ്ഥലങ്ങളിൽ നിന്നാണ് നഗരത്തിൽ കൂടിയ അളവിൽ കഞ്ചാവ് എത്തുന്നതെന്ന് കണ്ടെത്തിയത്.
കഞ്ചാവ് വിൽപന; ആന്ധ്രയിലെ നക്സൽബാധിത മേഖലയിൽ നിന്ന് ഒരാൾ പിടിയിൽ - മാരകായുധങ്ങൾ
325 കിലോ കഞ്ചാവുമായാണ് ആന്ധ്ര സ്വദേശിയെ പൊലീസ് പിടികൂടിയത്. മാവോയിസ്റ്റ്-നക്സൽ സാന്നിദ്ധ്യമുള്ള മേഖലയിൽ തോക്കും മറ്റു മാരകായുധങ്ങളുമായാണ് സംഘം കഞ്ചാവ് കൈമാറുന്നത്.
കഞ്ചാവ് ആവശ്യക്കാരെന്ന വ്യാജേന മാഫിയയെ പൊലീസ് സമീപിക്കുകയായിരുന്നു. കഞ്ചാവ് ശേഖരം കേരളത്തിലേക്ക് കൊണ്ടുപോകാനായി കൈമാറിയ സമയത്താണ് പ്രതിയെ പിടികൂടിയത്. മാവോയിസ്റ്റ്-നക്സൽ സാന്നിദ്ധ്യമുള്ള മേഖലയിൽ തോക്കും മറ്റു മാരകായുധങ്ങളുമായാണ് ഇവർ കഞ്ചാവ് കൈമാറുന്നത്, അതിനാൽ മൽപിടുത്തത്തിലൂടെയാണ് ഷാഡോ സംഘം ഒരാളെപിടികൂടിയത്. ഇയാളുടെ കൂടെ ഉണ്ടായിരുന്നവർ ഓടി രക്ഷപ്പെട്ടു.
ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും ആന്ധ്രപ്രദേശിലെ നക്സൽ ബാധിത മേഖലയിൽ നിന്നാണ് കഞ്ചാവ് വൻതോതിൽ എത്തുന്നത്. അവിടെ പോയി അവരെ പിടികൂടുന്നത് വളരെ ദുഷ്കരമാണെന്നും തിരുവനന്തപുരം ജില്ലാ പൊലീസ് മേധാവി ഇറക്കിയ പത്രകുറിപ്പിൽ പറഞ്ഞു.