തിരുവനന്തപുരം :സംസ്ഥാനത്ത് ഇന്ന് 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്. ആറ് ജില്ലകളില്‍ നല്‍കിയിരുന്ന ഓറഞ്ച് അലര്‍ട്ടുകള്‍ കാലാവസ്ഥാനിരീക്ഷണ കേന്ദ്രം പിന്‍വലിച്ചു. ഓറഞ്ച് അലര്‍ട്ട് പിന്‍വലിച്ചെങ്കിലും കനത്ത ജാഗ്രത തുടരണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി.
കണ്ണൂര്‍, കാസര്‍കോട് ഒഴികെയുള്ള ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. അടുത്ത മൂന്ന് ദിവസം സംസ്ഥാനത്ത് മഴ തുടരും. മറ്റന്നാള്‍ വരെ കണ്ണൂര്‍, കാസര്‍കോട് ഒഴികെയുള്ള 12 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
തെക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമര്‍ദം നിലവില്‍ ശ്രീലങ്കയ്ക്കും തമിഴ്‌നാട് തീരത്തിനും സമീപമാണ് സ്ഥിതിചെയ്യുന്നത്. അടുത്ത 3 മുതല്‍ 4 ദിവസം പടിഞ്ഞാറ് ദിശയിലേക്ക് ന്യൂനമര്‍ദം സഞ്ചാരം തുടരാനാണ് സാധ്യത. ഇതിന്‍റെ പ്രഭാവത്തിലാണ് സംസ്ഥാനത്ത് മഴ തുടരുന്നത്.
ALSO READ :മുല്ലപ്പെരിയാര്‍ ഡാം തുറന്നു; ഇടുക്കിയില്‍ റെഡ് അലര്‍ട്ട്
തെക്ക് കിഴക്കന്‍ അറബിക്കടലില്‍ നിലവിലുള്ള ചക്രവാതച്ചുഴി ദുര്‍ബലമായതായും കാലാവസ്ഥാവകുപ്പ് അറിയിച്ചു. ഇടിമിന്നലിനും ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ഉയര്‍ന്ന തിരമാലകള്‍ക്ക് സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.