തിരുവനന്തപുരം: നെടുമങ്ങാട് മണ്ഡലത്തിൽ തന്നെ പരാജയപ്പെടുത്തിയതിന് പാലോട് രവിക്ക് ലഭിച്ച പാരിതോഷികമാണ് ഡിസിസി അധ്യക്ഷ സ്ഥാനമെന്ന് യുഡിഎഫ് സ്ഥാനാര്‍ഥിയായിരുന്ന പി.എസ് പ്രശാന്ത്. ഇനിയും താൻ കോൺഗ്രസിൽ തുടർന്നാൽ ജീവന് തന്നെ ഭീഷണിയാണെന്നും പ്രശാന്ത് പറഞ്ഞു. കോൺഗ്രസ് പ്രാഥമിക അംഗത്വം രാജിവച്ചു കൊണ്ട് നടത്തിയ വാർത്താസമ്മേളനത്തിലാണ് പി.എസ് പ്രശാന്തിന്‍റെ പ്രതികരണം.
തകർച്ചയുടെ മൂലകാരണം കെസി വേണുഗോപാലാല്‍
കെസി വേണുഗോപാലിന് എതിരെയും തിരുവനന്തപുരം ഡിസിസി അധ്യക്ഷനായ പാലോട് രവിക്കുമെതിരെ ഗുരുതര ആരോപണങ്ങളാണ് പ്രശാന്ത് ഉയർത്തിയത്. കെ.സി വേണുഗോപാലാണ് കേരളത്തിൽ കോൺഗ്രസ് സംഘടന തകർച്ചയുടെ മൂലകാരണം. വേണുഗോപാലുമായി അടുത്തു നിൽക്കുന്നവരാണ് ഡിസിസി തലപ്പത്തേക്ക് വന്നത്.
നേരിട്ടോ അല്ലാതെയോ ബന്ധമില്ലാത്ത ആരെയും ഡിസിസി അധ്യക്ഷൻ ആക്കിയില്ല. കേരളത്തിൽ പുതിയ ഗ്രൂപ്പ് ഉണ്ടാക്കാനാണ് കെ.സി വേണുഗോപാല്‍ ശ്രമിക്കുന്നത്. ഇതിനാലാണ് അദ്ദേഹത്തിനെതിരെ രാഹുൽ ഗാന്ധിക്ക് കത്തയച്ചതെന്നും പ്രശാന്ത് പറഞ്ഞു.
പിഎസ് പ്രശാന്ത് മാധ്യമങ്ങളെ കാണുന്നു പാലോട് രവി പ്രവര്‍ത്തകരെ തമ്മിലടിപ്പിക്കുന്നു
പാലോട് രവിയെ പോലെ പച്ചക്കള്ളം പറയുന്ന മറ്റൊരാളെ ഇതുവരെ കണ്ടിട്ടില്ല. വിഭാഗീയത പറഞ്ഞ് പ്രവർത്തകരെ പരസ്‌പരം തമ്മിലടിപ്പിക്കുകയാണ്. ഉമ്മൻചാണ്ടിയെ പോലും തെറ്റിദ്ധരിപ്പിക്കുന്നു. കുമ്പിടിയായ പാലോട് രവിയെ എല്ലാ വിഭാഗം നേതാക്കളോടുമൊപ്പം കാണാം. അഭിനയത്തിന് പാലോട് രവിക്ക് ഓസ്‌കാര്‍ അവാർഡ് നൽകണമെന്നും പ്രശാന്ത് പരിഹസിച്ചു.
തന്‍റെ ശരീരത്തിൽ ഓടുന്നത് മതേതര ചോരയാണ്. മതേതര മൂല്യങ്ങൾ ഉൾക്കൊണ്ട് രാഷ്ട്രീയ പ്രവർത്തനം തുടരും. ആരുമായും ചർച്ച നടത്തിയിട്ടില്ല. സ്ഥാനാർഥിയെ നോക്കിയല്ല, സർക്കാരിന്‍റെ പ്രവർത്തനങ്ങൾക്കാണ് ജനങ്ങൾ നിയമസഭ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്‌തത്. ഇപ്പോൾ ജീവന് പോലും സുരക്ഷ ഇല്ലാത്ത സാഹചര്യമാണ്. മുല്ലപ്പള്ളി കെപിസിസി പ്രസിഡന്‍റായിരുന്നുവെങ്കില്‍ പാലോട് രവി ഡിസിസി അധ്യക്ഷൻ ആകില്ലായിരുന്നുവെന്നും പ്രശാന്ത് പറഞ്ഞു.
പുറത്താക്കി, പിന്നാലെ രാജി
നിയമസഭ തെരഞ്ഞെടുപ്പിൽ നെടുമങ്ങാട് മണ്ഡലം യുഡിഎഫ് സ്ഥാനാർഥിയായിരുന്ന പ്രശാന്തിനെ ഇന്നലെ പാർട്ടിയിൽ നിന്ന് പുറത്താക്കിയിരുന്നു. ഇതിന് പിന്നാലെയാണ് പി.എസ് പ്രശാന്ത് കോൺഗ്രസ് വിട്ടത്. കെപിസിസി സെക്രട്ടറിയായിരുന്ന പ്രശാന്ത് യൂത്ത് കോൺഗ്രസ്, കെഎസ്‌യു ജില്ല പ്രസിഡന്‍റ്, യുവജന ക്ഷേമ ബോർഡ് വൈസ് ചെയർമാൻ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്.
Read more: 'ഗുരുതര അച്ചടക്കലംഘനം' ; പിഎസ് പ്രശാന്തിനെ കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കി