തിരുവനന്തപുരം:മരം മുറി ഫയലുകൾ വിവരാവകാശ നിയമപ്രകാരം നൽകിയ റവന്യു വകുപ്പ് ഉദ്യോഗസ്ഥയ്ക്കെതിരെയുള്ള നടപടിയിൽ പ്രതിഷേധം ശക്തമാകുന്നു. റവന്യു വകുപ്പിലെ അണ്ടർ സെക്രട്ടറി ഒ.ജി ശാലിനിയുടെ ഗുഡ് സർവീസ് എൻട്രി പിൻവലിച്ച റവന്യു സെക്രട്ടറിയുടെ നടപടിക്കെതിരയാണ് പ്രതിഷേധം. സെക്രട്ടേറിയേറ്റ് ആക്ഷൻ കൗൺസിലിന്‍റെ മുന്നിൽ റവന്യു സെക്രട്ടറിയുടെ ഉത്തരവ് കത്തിച്ചു പ്രതിഷേധിച്ചു.
റവന്യു വകുപ്പ് അണ്ടർ സെക്രട്ടറിയായ ഒ.ജി ശാലിനിക്ക് നൽകിയ ഗുഡ് സർവീസ് എൻട്രി പിൻവലിച്ച് കഴിഞ്ഞ വെള്ളിയാഴ്ചയാണ് റവന്യു സെക്രട്ടറി ഉത്തരവിറക്കിയത്. വിവാദ മരം മുറി ഫയലുകൾ നൽകിയതിലുള്ള പ്രതികാര നടപടിയുടെ ഭാഗമായാണ് ഇതെന്നാണ് ഉയരുന്ന ആക്ഷേപം. തീരുമാനത്തിനെതിരെ സെക്രട്ടേറിയേറ്റ് ജീവനക്കാർക്കിടയിൽ പ്രതിഷേധം ഉയർന്നിരുന്നു. ഇതിന്‍റെ ഭാഗമായാണ് ഉത്തരവ് കത്തിച്ചുള്ള പ്രതിഷേധം.