തിരുവനന്തപുരം: ശബരിമല സ്‌ത്രീപ്രവേശന വിധിയിൽ സുപ്രീംകോടതി വിധി എതിരായാൽ ഓർഡിനൻസ് ഇറക്കുമെന്ന കേന്ദ്രമന്ത്രി വി. മുരളീധരന്‍റെ പ്രസ്‌താവന പദവിക്ക് യോജിക്കാത്തതെന്ന് എൻ.കെ പ്രേമചന്ദ്രൻ എം.പി. ഉപതെരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് മന്ത്രിയുടെ പ്രസ്‌താവന. ശബരിമല പ്രശ്നം ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് രാഷ്‌ട്രീയം മാത്രമാണ്. വിശ്വാസികളുടെ താല്‍പര്യം സംരക്ഷിക്കുക എന്നത് അവരുടെ അജണ്ടയിലില്ലെന്നും എൻ.കെ പ്രേമചന്ദ്രൻ തിരുവനന്തപുരത്ത് പറഞ്ഞു.
ശബരിമല വിഷയം ബിജെപിക്ക് തെരഞ്ഞടുപ്പ് രാഷ്‌ട്രീയം മാത്രമെന്ന് എൻ.കെ പ്രേമചന്ദ്രൻ എം.പി - ശബരിമല
വിശ്വാസികളുടെ താല്‍പര്യം സംരക്ഷിക്കുക എന്നത് ബിജെപിയുടെ അജണ്ടയിലില്ല. സിപിഎമ്മും തിരുവനന്തപുരം മേയര്‍ വി.കെ പ്രശാന്തും പ്രളയത്തെപ്പോലും രാഷ്‌ട്രീയവല്‍ക്കരിക്കുകയാണെന്നും പ്രേമചന്ദ്രന്‍ ആരോപിച്ചു.
സി.പി.എമ്മും മേയർ വി.കെ പ്രശാന്തും പ്രളയ ദുരന്തത്തെ പോലും രാഷ്‌ട്രീയ താല്‍പര്യത്തിന്‍റെ പേരിൽ ദുരുപയോഗം ചെയ്തെന്നും, ദുരിതാശ്വാസ പ്രവർത്തനത്തെ പർവ്വതീകരിക്കാൻ ശ്രമിച്ചത് മേയർ എന്ന പദവിക്ക് നിരക്കാത്തതെന്നും എൻ.കെ പ്രേമചന്ദ്രൻ വ്യക്തമാക്കി.
വട്ടിയൂർക്കാവിൽ യു.ഡി.എഫും എൽ.ഡി.എഫും തമ്മിലാണ് മത്സരം. വട്ടിയൂർക്കാവിൽ ബി.ജെ.പി അപ്രസക്തമായി കഴിഞ്ഞു. കുമ്മനത്തെ മാറ്റി സുരേഷിനെ സ്ഥാനാർഥിയാക്കിയതിൽ എന്തെങ്കിലും ധാരണ ഉണ്ടോയെന്ന് കണ്ടറിയണം. പാലായിൽ ബി.ജെ.പിയും സി.പി.എമ്മും തമ്മിൽ നടന്ന വോട്ടു മറിക്കൽ വട്ടിയൂർക്കാവിലും ഉണ്ടായാൽ അത്ഭുതപെടാനില്ലെന്നും പ്രേമചന്ദ്രൻ ആരോപിച്ചു.