തിരുവനന്തപുരം:നെയ്യാറ്റിൻകര പെരുമ്പഴുതൂരിന് സമീപം പഴിഞ്ഞിക്കുഴിയിലെ മരണവീട്ടിൽ പൊലീസ് അതിക്രമം. പെരുംപഴുതൂർ പഴിഞ്ഞിക്കുഴി കൃഷ്‌ണ ഭവനിൽ കെ.എസ്.ആർ.ടി.സി ജീവനക്കാരൻ മധുവിന്‍റെ വീട്ടിലായിരുന്നു പൊലീസ് അതിക്രമിച്ച് കടന്നത്. ആക്രമണത്തിൽ മധുവിന്‍റെ മകൾ അഞ്ജലി കൃഷ്‌ണ, മധുവിന്‍റെ ഭാര്യയും വികലാംഗയുമായ അമൃത, അമൃതയുടെ മാതൃ സഹോദരിമാരായ ലളിത, സുലോചന എന്നിവർക്കാണ് പരിക്കേറ്റത്.
മരണവീട്ടിൽ പൊലീസിന്‍റെ അതിക്രമം; വികലാംഗയ്ക്കും മകൾക്കും മർദനം, സഹോദരനെ കസ്റ്റഡിയിലെടുത്തു സംഭവം ഇങ്ങനെ:ഇന്നലെ രാത്രി ആയിൽ ക്ഷേത്രത്തിലെ ഘോഷയാത്ര മധുവിന്‍റെ വീടിന് മുന്നിലൂടെ കടന്നു വരികയായിരുന്നു. രണ്ട് ദിവസം മുമ്പ് മധുവിന്‍റെ ഭാര്യ മാതാവ് മരിച്ചതിനെത്തുടർന്ന് ബന്ധുക്കൾ ഉൾപ്പെടെയുള്ളവർ വീട്ടിലുണ്ടായിരുന്നു. ഘോഷയാത്രാ സംഘത്തിലെ ചില സുഹൃത്തുക്കൾ മധുവിന്‍റെ മകൻ അരവിന്ദ് കൃഷണയോട് കുടിവെള്ളം ആവശ്യപ്പെട്ടു.
തുടർന്ന് അരവിന്ദ് കൃഷണ വീട്ടിൽ നിന്ന് കുടിവെള്ളം എടുത്ത് സുഹൃത്തുക്കൾക്ക് നൽകുന്നതിനിടെ ഘോഷയാത്രക്ക് അകമ്പടി സേവിക്കുകയായിരുന്ന പൊലീസ് സംഘം അരവിന്ദിനെ ലാത്തികൊണ്ട് അടിക്കുകയായിരുന്നു. അകാരണമായി തന്നെ മർദിച്ചത് ചോദ്യം ചെയ്‌തതോടെ അരവിന്ദിനെ കസ്റ്റഡിയിലെടുക്കണമെന്ന നിലപാടിലായി പൊലീസുകാർ.
തുടർന്ന് ബന്ധുക്കൾ ചേർന്ന് അരവിന്ദിനെ മാറ്റിയെങ്കിലും വീട്ടിനുള്ളിലേക്ക് പാഞ്ഞുകയറിയ പുരുഷ പൊലീസ് സംഘം കണ്ണിൽ കണ്ടതെല്ലാം തച്ചുടച്ചു. മരണവീട് ആണെന്നുള്ള പരിഗണന പോലും കാണിക്കാതെ ആയിരുന്നു നടപടി. തുടർന്ന് ബലപ്രയോഗത്തിലൂടെ അരവിന്ദിനെയും മധുവിനെയും സ്റ്റേഷനിലേക്ക് മാറ്റി.
ALSO READ:മൊബൈല്‍ ഫോണ്‍ വാങ്ങാന്‍ പണം നല്‍കിയില്ല; മകന്‍ അമ്മയെ ഉലക്ക കൊണ്ടടിച്ച് കൊലപ്പെടുത്തി
സംഭവ ദൃശ്യങ്ങൾ പകർത്തിയ മധുവിന്‍റെ മൊബൈൽ ഫോൺ വാങ്ങി ദൃശ്യങ്ങൾ നശിപ്പിച്ച ശേഷം മധുവിനെ വിട്ടയയ്ക്കുകയായിരുന്നു. അതേസമയം ലാത്തികൊണ്ട് കുറുക്കിലും തുടയിലും അടിയേറ്റ അഞ്ജലി കൃഷ്‌ണയെ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു.
അതേസമയം പൊലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചതിനാലാണ് അരവിന്ദിനെതിരെ നടപടി സ്വീകരിച്ചതെന്നാണ് പൊലീസിന്‍റെ വാദം. കസ്റ്റഡിയിലെടുത്ത അരവിന്ദിന് ജാമ്യം ലഭിച്ചിട്ടുണ്ട്. എന്നാൽ മരണവീടാണെന്നുള്ള പരിഗണന പോലും കാണിക്കാതെ പൊലീസ് നടത്തിയ അതിക്രമത്തിനെതിരെ മുഖ്യമന്ത്രി, ഡിജിപി, മനുഷ്യാവകാശ കമ്മീഷൻ, പൊലീസ് പരാതി പരിഹാര സെൽ എന്നിവിടങ്ങളിൽ മധുവും കുടുംബവും പരാതി നൽകിയിട്ടുണ്ട്.