കേരളം

kerala

ETV Bharat / city

അടിയന്തര പ്രമേയ നോട്ടീസുമായി  കെ.എം ഷാജി; സഭയിൽ ഭരണ പ്രതിപക്ഷ ബഹളം - Point of order against Shaji

സഭയിൽ വോട്ടവകാശമില്ലെന്ന് കോടതി വിധിച്ച ഷാജിക്ക് പ്രമേയം അവതരിപ്പിക്കാനാവില്ലെന്ന്  മന്ത്രി എ.കെ ബാലൻ ക്രമപ്രശ്നം ഉന്നയിച്ചതാണ് സംഘര്‍ഷത്തിന് കാരണം

കെ.എം ഷാജി  നിയമസഭ വാര്‍ത്തകള്‍  തിരുവനന്തപുരം വാര്‍ത്തകള്‍  Point of order against Shaji  kerala assembly news
അടിയന്തര പ്രമേയ നോട്ടീസുമായി  കെ.എം ഷാജി; സഭയിൽ ഭരണ പ്രതിപക്ഷ ബഹളം

By

Published : Feb 6, 2020, 12:28 PM IST

Updated : Feb 6, 2020, 12:40 PM IST

തിരുവനന്തപുരം:കെ.എം ഷാജിയുടെ അടിയന്തരപ്രമേയ നോട്ടീസിനെ ചൊല്ലി നിയമസഭയിൽ ഭരണ - പ്രതിപക്ഷ ബഹളം. സഭയിൽ വോട്ടവകാശമില്ലെന്ന് കോടതി വിധിച്ച ഷാജിക്ക് വോട്ടിങ് ആവശ്യമായ പ്രമേയം അവതരിപ്പിക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടി പാർലമെന്‍ററി കാര്യ മന്ത്രി എ.കെ ബാലൻ ക്രമപ്രശ്നം ഉന്നയിച്ചതോടെയാണ് പ്രശ്നങ്ങളുടെ തുടക്കം. ഷാജിക്ക് വോട്ടവകാശമില്ലെന്ന് കോടതി വിധിയുള്ള പശ്ചാത്തലത്തിൽ അടിയന്തര പ്രമേയത്തിന് അനുമതി നൽകാനാവില്ലെന്നും സ്പീക്കർ റൂളിങ് നൽകണമെന്നും എ.കെ ബാലൻ ആവശ്യപ്പെട്ടു. എന്നാൽ കെ.എം ഷാജിക്ക് വോട്ടെടുപ്പിൽ പങ്കെടുക്കുന്നതിൽ മാത്രമാണ് വിലക്ക് എന്ന് വ്യക്തമാക്കിയ സ്പീക്കർ അടിയന്തര പ്രമേയം അവതരിപ്പിക്കുന്നതിന് അവകാശമുണ്ടെന്ന് പറഞ്ഞു. ഇതിനിടെ മന്ത്രിയുടെ നിലപാടിനെതിരെ പ്രതിഷേധവുമായി പ്രതിപക്ഷം രംഗത്ത് എത്തി. ഇതിനെതിരെ ഭരണപക്ഷം കൂടി എത്തിയതോടെ സഭ ബഹളമയമായി. എ.കെ ബാലൻ മനപൂർവ്വം അവഹേളിക്കുകയാണെന്നും ക്രമപ്രശ്നം പിൻവലിക്കണമെന്നും വിഡി സതീശൻ ആവശ്യപ്പെട്ടു. എ.കെ ബാലന് നിയമത്തിന്‍റെ ബാലപാഠമറിയില്ലെന്ന് കെ.സി ജോസഫും പറഞ്ഞു.

അതേ സമയം അടിയന്തര പ്രമേയ നോട്ടീസ് അവതരിപ്പിച്ചു കൊണ്ടുള്ള കെ.എം ഷാജിയുടെ പ്രസംഗത്തെ ചൊല്ലിയും സഭയിൽ ബഹളം ഉണ്ടായി. ബംഗാൾ മുഖ്യമന്ത്രി മമത ബനാർജി പെണ്ണാണെങ്കിലും ആണിന്‍റെ ഉശിരോടെ എൻപിആറിനെതിരെ നിലപാടെടുത്തുവെന്ന ഷാജിയുടെ പരാമർശമാണ് ഭരണപക്ഷത്തെ ചൊടിപ്പിച്ചത്. ഷാജി സ്ത്രീ വിരുദ്ധ പരാമർശം നടത്തിയെന്നാരോപിച്ച് എം. സ്വരാജ് ക്രമപ്രശ്നവുമായി രംഗത്ത് എത്തി. പരാമർശം പിൻവലിക്കണമെന്നായിരുന്നു സ്വരാജിന്‍റെ ആവശ്യം. പെണ്ണ് ഭരിച്ചാൽ എന്താണ് കുഴപ്പമെന്ന് മന്ത്രി കെ.കെ ശൈലജ ചോദിച്ചു. കെ.എം ഷാജി വർഗീയ വേർതിരിവുണ്ടാക്കുന്ന പ്രസംഗം നടത്തി എന്നാരോപിച്ച് മന്ത്രി വി.എസ് സുനിൽ കുമാറും രംഗത്ത് എത്തി. ഷാജിയുടെ വാക്കുക്കൾ എസ്ഡിപിഐയുടേതെന്ന് സുനിൽകുമാർ ആരോപിച്ചു. പൗരത്വ പ്രശ്നം മുസ്ലീങ്ങളുടെ മാത്രം പ്രശ്നമാക്കി മാറ്റി സർക്കാർ വൃത്തികെട്ട രാഷ്ടീയം കളിക്കുന്നുവെന്ന ഷാജിയുടെ പരാമർശം ചൂണ്ടിക്കാട്ടിയായിരുന്നു സുനിൽകുമാറിന്‍റെ ആരോപണം. പിന്നാലെ സ്ത്രി വിരുദ്ധമായി താൻ എന്തെങ്കിലും പറഞ്ഞെങ്കിൽ അത് പിൻവലിക്കുന്നുവെന്ന് ഷാജി പറഞ്ഞതോടെയാണ് പ്രശ്നങ്ങൾ അവസാനിച്ചത്.

Last Updated : Feb 6, 2020, 12:40 PM IST

ABOUT THE AUTHOR

...view details