തിരുവനന്തപുരം: പ്ലസ് വൺ പ്രവേശനത്തിനുളള ആദ്യ അലോട്ട്മെൻ്റ് പട്ടിക നാളെ പ്രസിദ്ധീകരിക്കും. വ്യാഴാഴ്‌ച രാവിലെ ഒൻപത് മുതൽ മുതൽ ഒക്ടോബർ 1 വരെ സർട്ടിഫിക്കറ്റുകളുമായി നേരിട്ടെത്തി പ്രവേശനം നേടാം.
ഒന്നാമത്തെ ഓപ്ഷൻ ലഭിച്ചവർ ഫീസടച്ച് സ്ഥിര പ്രവേശനം നേടണം. മറ്റ് ഓപ്ഷനുകൾ ലഭിക്കുന്നവർക്ക് താൽക്കാലിക പ്രവേശനമോ സ്ഥിര പ്രവേശനമോ നേടാം. താൽക്കാലികക്കാർക്ക് വേണ്ടിവന്നാൽ ഉയർന്ന ഓപ്ഷനുകളിൽ ചിലത് റദ്ദാക്കാം. അലോട്ട്മെന്‍റ് ലഭിച്ചിട്ടും താൽക്കാലിക പ്രവേശനം നേടാത്തവരെ തുടർന്നുള്ള അലോട്ട്മെൻ്റുകളിൽ പരിഗണിക്കില്ല.
അതേസമയം, ആദ്യം അനുവദിക്കപ്പെട്ട പ്രവേശന സമയത്ത് ഹാജരാകാൻ സാധിക്കാത്തവർക്ക് സ്‌കൂള്‍ പ്രിൻസിപ്പൽ നിർദേശിക്കുന്ന മറ്റൊരു സമയത്ത് പ്രവേശനം നേടാം. ക്രിട്ടിക്കൽ കണ്ടെയ്ൻമെൻ്റ് സോണിൽ ഉള്ളവർക്കും കൊവിഡ് നിരീക്ഷണത്തിലുള്ളവർക്കും ഓൺലൈനായി പ്രവേശനം നേടാം. ഓരോ അലോട്ട്മെൻ്റിൻ്റെയും അവസാന ദിവസം വരെ സ്‌കൂളിൽ നേരിട്ട് ഹാജരാകാൻ സാധിക്കാത്തവർക്കും ഈ സൗകര്യം പ്രയോജനപ്പെടുത്താം. വിശദവിവരങ്ങൾ www.admission.dge.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.
Also read: സ്‌കൂളുകൾ തുറക്കുന്നതിനുള്ള മാർഗനിർദേശം വിശദമായ ചർച്ചകൾക്കുശേഷം : ആരോഗ്യ മന്ത്രി