തിരുവനന്തപുരം: നിയമസഭയില്‍ നടന്ന ഗാന്ധി അനുസ്‌മരണ സമ്മേളനത്തില്‍ സംഘപരിവാറിനെതിരെ രൂക്ഷവിമര്‍ശനമുയര്‍ത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. വരും തലമുറകള്‍ക്ക് ഗാന്ധിജിയെ മനസിലാക്കാന്‍ കഴിയാതെ പോകുമോ എന്ന ആല്‍ബര്‍ട്ട് ഐന്‍സ്റ്റീന്‍റെ വാക്കുകള്‍ യാഥാര്‍ഥ്യമാകുമോ എന്ന് ആശങ്കപ്പെടേണ്ട കാലമാണിതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
സവര്‍ക്കറുടെ ചിത്രം പാര്‍ലമെന്‍റില്‍ വെക്കുന്നത് ലജ്ജാകരമെന്ന് മുഖ്യമന്ത്രി
ഗാന്ധി അനുസ്‌മരണത്തിന്‍റെ ഭാഗമായി നിയമസഭയില്‍ നടത്തിയ പ്രസംഗത്തില്‍ സംഘപരിവാറിനെതിരെ മുഖ്യമന്ത്രി ആഞ്ഞടിച്ചു. ഗാന്ധിജിയെയും ഗോഡ്‌സെയെയും താരതമ്യം ചെയ്യുന്നത് നിന്ദ്യമാണെന്നും പിണറായി വിജയന്‍ പറഞ്ഞു.
അധികാര സ്ഥാനത്തുള്ള ചിലര്‍ തന്നെ ഗാന്ധി ചിത്രത്തില്‍ പ്രതീകാത്മകമായി നിറയൊഴിക്കുന്നത് കണ്ടു നില്‍ക്കേണ്ട അവസ്ഥയാണ് ഇപ്പോള്‍ . ഗാന്ധി ഘാതകന് ക്ഷേത്രമുണ്ടാക്കുന്നതും അയാള്‍ക്ക് ഭാരതരത്‌നം സമ്മാനിക്കാന്‍ മുറവിളി കൂട്ടുന്നതുമായ ലജ്ജാകരമായ അവസ്ഥയാണ് ഇപ്പോഴുളളത്. ഗാന്ധിവധ ഗൂഡാലോചനക്കേസില്‍ പ്രതിയായിരുന്ന സവര്‍ക്കറുടെ ചിത്രം പാര്‍ലമെന്‍റിന്‍റെ സെന്‍ട്രല്‍ ഹാളില്‍ വെക്കുന്ന ലജ്ജാകരമായ അവസ്ഥയിലാണ് രാജ്യം. ഗാന്ധിജിയെയും ഗോഡ്‌സെയെയും താരതമ്യം ചെയ്യുന്നതിനോളം നിന്ദ്യകര്‍മ്മമില്ലെന്നും പിണറായി വിജയന്‍ പറഞ്ഞു.