തിരുവനന്തപുരം: വ്യാപാരികള്‍ക്കെതിരായ മുഖ്യമന്ത്രിയുടെ പരാമര്‍ശത്തിനെതിരെ വിമര്‍ശനവുമായി ഉമ്മന്‍ചാണ്ടിയും എം.എം ഹസനും രംഗത്ത്. കടുത്ത പ്രതിസന്ധി നേരിടുന്ന കച്ചവടസ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കണമെന്നാവശ്യപ്പെട്ട വ്യാപാരികളെ ഭീഷണിപ്പെടുത്തി വരുതിയിലാക്കാനുള്ള മുഖ്യമന്ത്രിയുടെ ശ്രമം അദ്ദേഹം വഹിക്കുന്ന ഉന്നതമായ പദവിയ്ക്ക് യോജിച്ചതല്ലെന്ന് ഉമ്മന്‍ ചാണ്ടി പറഞ്ഞു.
വേണ്ടത് ക്രിയാത്മക സമീപനം
സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ കൊവിഡ് നിയന്ത്രണങ്ങള്‍ മാറിയ സാഹചര്യത്തില്‍ വ്യാപാരികളുടെ ആവശ്യത്തോട് സര്‍ക്കാര്‍ ക്രിയാത്മക സമീപനം സ്വീകരിയ്ക്കണം. ഒന്നരവര്‍ഷത്തോളമായി കടകള്‍ അടഞ്ഞു കിടക്കുന്നതു മൂലം വ്യാപാരികള്‍ വലിയ പ്രതിസന്ധി നേരിടുകയാണ്. അവരുടെ ജീവിതമാര്‍ഗം തന്നെ ഇല്ലാതായി. പലരും ആത്മഹത്യയുടെ വക്കിലാണ്.
കടകള്‍ തുറക്കാനുള്ള നിയന്ത്രണങ്ങള്‍ മൂലം സാധാരണ ജനങ്ങളും ഏറെ ബുദ്ധിമുട്ടിലാണ്. കടകള്‍ എല്ലാ ദിവസവും തുറക്കണമെന്ന ഐഎംഎ പോലുള്ള വിദഗ്‌ധസമിതികളുടെ നിര്‍ദേശം സര്‍ക്കാര്‍ പരിഗണിയ്ക്കണമെന്നും ഉമ്മന്‍ ചാണ്ടി ആവശ്യപ്പെട്ടു.