തിരുവനന്തപുരം: നെല്ല് സംഭരണം സഹകരണ സ്ഥാപനം വഴിയാക്കാൻ സംസ്ഥാന സർക്കാർ തീരുമാനം. നാല് ജില്ലകളിലാണ് സഹകരണ സ്ഥാപനം വഴി നെല്ല് സംഭരിക്കുക. കർഷകരിൽ നിന്ന് നേരിട്ട് സഹകരണ സംഘങ്ങൾ നെല്ല് സംഭരിക്കും. ഒരു കിലോ നെല്ലിന് 27 രൂപ 16 പൈസയാണ് നൽകുക. സംഭരിക്കുന്ന നെല്ലിന്‍റെ വില അന്നുതന്നെ കർഷകർക്ക് നൽകും. ഇതിനായി കേരള ബാങ്കിനെ ചുമതലപ്പെടുത്തും.
നെല്ല് സംഭരണം ഇനി സഹകരണ സ്ഥാപനങ്ങള്‍ വഴി - നെല്‍ കര്‍ഷകര്‍
ഒരു കിലോ നെല്ലിന് 27 രൂപ 16 പൈസയാണ് നൽകുക. സംഭരിക്കുന്ന നെല്ലിന്‍റെ വില അന്നുതന്നെ കർഷകർക്ക് നൽകും
നെല്ല് സംഭരിക്കുന്നതിന്‍റെ ഭാഗമായി പാടി രസീറ്റ് നൽകുന്നതിന് സഹകരണസംഘങ്ങൾക്ക് സപ്ലൈകോ സാങ്കേതിക സൗകര്യമേർപ്പെടുത്തി നൽകും. പാലക്കാട്, ആലപ്പുഴ, തൃശൂർ, കോട്ടയം ജില്ലകളിലാണ് ആദ്യഘട്ടത്തിൽ സഹകരണ സ്ഥാപനങ്ങൾ നെല്ല് സംഭരിക്കുക. സഹകരണ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍റെ നേതൃത്വത്തിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്.
100 സഹകരണ സംഘങ്ങളാണ് നെല്ല് സംഭരിക്കാൻ തയ്യാറെടുക്കുന്നത്. അടുത്ത സീസൺ മുതൽ കൂടുതൽ നെല്ല് സംഭരിക്കുന്നതിന് സഹകരണ സംഘങ്ങളിൽ സ്വന്തം നിലയിൽ കൂടുതൽ ഗോഡൗണുകൾ പണിയും. ഇതിനായി അഗ്രികൾച്ചറൽ ഇൻഫ്രാസ്‌ട്രക്‌ചര്‍ ഡെവലപ്‌മെന്‍റ് ഫണ്ട് പ്രയോജനപ്പെടുത്തും. മന്ത്രിമാരായ പി.തിലോത്തമൻ, എ.കെ ബാലൻ, കെ.കൃഷ്ണൻകുട്ടി എന്നിവരും ഉന്നത ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തു. 105 സഹകരണസംഘങ്ങളുടെ പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു. സ്വകാര്യകമ്പനികൾ കർഷകരെ ചൂഷണം ചെയ്യുന്നത് ഒഴിവാക്കാനാണ് ഇത്തരത്തിലൊരു സർക്കാർ നീക്കം. 14 രൂപയ്ക്കാണ് സ്വകാര്യ മില്ലുടമകൾ കർഷകരിൽ നിന്ന് നെല്ല് സംഭരിച്ചിരുന്നത്. ഈ ചൂഷണം അവസാനിപ്പിക്കാൻ കഴിയും. സഹകരണ സംഘങ്ങൾ വഴി സംഭരിക്കുന്ന നെല്ല് അരിയാക്കി സംഘങ്ങൾ വഴി തന്നെ വിൽക്കാനാണ് തീരുമാനം.