തിരുവനന്തപുരം: വിദ്യാർഥികളുടെ കൺസെഷൻ നിർത്തലാക്കിയാൽ ഈ സർക്കാരിനെ ഇടതുസർക്കാരെന്നല്ല വലതുസർക്കാരെന്ന് വിളിക്കേണ്ടി വരുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. കൺസെഷൻ വിദ്യാർഥികൾക്ക് അപമാനകരമാണെന്ന ഗതാഗത മന്ത്രിയുടെ പ്രതികരണം ശരിയല്ല. ഭക്ഷണത്തിന് പോലും നിവൃത്തിയില്ലാത്ത കുട്ടികളുള്ള നാടാണ്. കൺസെഷൻ വിദ്യാർഥികളുടെ ന്യായമായ കാര്യമാണ്. അതു മനസിലാക്കി സർക്കാർ പ്രവർത്തിക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
രണ്ട് രൂപ കണ്‍സെഷന്‍ വിദ്യാര്‍ഥികള്‍ക്ക് തന്നെ നാണക്കേടാണെന്ന ഗതാഗത മന്ത്രി ആന്‍റണി രാജുവിന്‍റെ പ്രസ്‌താവനക്കെതിരെ, വിദ്യാര്‍ഥി സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. എസ്‌എഫ്‌ഐ അടക്കമുള്ള സംഘടനകള്‍ മന്ത്രി പ്രസ്‌താവന പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് രംഗത്തെത്തി. ആന്‍റണി രാജുവിന്‍റെ അഭിപ്രായം അപക്വമെന്നും അഭിപ്രായം തിരുത്താൻ തയ്യാറാകണമെന്നും എസ്എഫ്ഐ പ്രസ്‌താവനയില്‍ ആവശ്യപ്പെട്ടിരുന്നു.