കാര്‍ഗോ വിമാനങ്ങള്‍ക്കുള്ള വിലക്ക് നീക്കണം; പ്രധാനമന്ത്രിക്ക് ഉമ്മൻ ചാണ്ടിയുടെ കത്ത് - കാര്‍ഗോ സര്‍വീസുകള്‍ വിലക്ക്
വിദേശ കാർഗോ വിമാനങ്ങൾ റദ്ദാക്കിയത് കേരളത്തിന്‍റെ കയറ്റുമതിയുടെ നടുവൊടിച്ചെന്ന് ഉമ്മൻ ചാണ്ടി കത്തിൽ ചൂണ്ടിക്കാട്ടി.
തിരുവനന്തപുരം: കേരളത്തിൽ നിന്നുള്ള വിദേശ കാർഗോ വിമാന സർവീസുകൾ റദ്ദാക്കിയ കേന്ദ്ര സർക്കാർ നടപടി പിൻവലിക്കണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ കത്ത്. ആറു വിമാനത്താവളങ്ങളിൽ ഒഴികെ മറ്റിടങ്ങളിലെല്ലാം വിദേശ കാർഗോ വിമാനങ്ങൾ റദ്ദാക്കിയത് കേരളത്തിന്‍റെ കയറ്റുമതിയുടെ നടുവൊടിച്ചെന്ന് ഉമ്മൻ ചാണ്ടി കത്തിൽ ചൂണ്ടിക്കാട്ടി. ഡൽഹി, മുംബൈ, കൊൽക്കത്ത, ഹൈദരാബാദ്, ചെന്നൈ ബെംഗളൂരു എന്നിവിടങ്ങളിൽ നിന്ന് മാത്രമാണ് ഇപ്പോൾ കാർഗോ സർവീസ് ഉള്ളത്. സർവീസുകൾ നിലച്ചതോടെ കേരളത്തിൽ നിന്നുള്ള സുഗന്ധവ്യഞ്ജനങ്ങൾ, പഴം, പച്ചക്കറി, തുടങ്ങിയവയുടെ കയറ്റുമതിയിൽ 80 ശതമാനത്തിന്‍റെ ഇടിവാണ് സംഭവിച്ചത്. പ്രളയവും കൊവിഡും മൂലം തകർച്ച നേരിടുന്ന കേരളത്തിന്‍റെ കാർഷിക മേഖലയ്ക്ക് മറ്റൊരു തിരിച്ചടിയാണ് തീരുമാനമെന്നും ഉമ്മൻ ചാണ്ടി കത്തിൽ ചൂണ്ടിക്കാട്ടി.