തിരുവനന്തപുരം: മലയാളിക്ക് കവിയും കവിതയുമെന്നാൽ ഒഎൻഎവിയെന്ന മൂന്നക്ഷരമാണ്. ഇന്ന് അദ്ദേഹത്തിന്‍റെ ആറാം ചരമവാർഷികം. ഒരു ദിവസം ഭൂമിയെന്ന ഈ വാടക വീട് ഒഴിഞ്ഞു പോകുമ്പോള്‍ എന്‍റെ ഏറ്റവും ചൈതന്യവത്തായൊരംശം ഞാന്‍ ഇവിടെ ഉപേക്ഷിച്ചു പോകും. അതാണെന്‍റെ കവിത എന്ന് ജ്ഞാനപീഠം ഏറ്റുവാങ്ങിക്കൊണ്ട് കവി പറഞ്ഞിരുന്നു. ആ പ്രതിഭയെ ഓർത്തെടുക്കുകയാണ് കൊച്ചുമകൾ അപർണ രാജീവ്.
'മുത്തച്ഛനെങ്ങും പോയിട്ടില്ല, അദ്ദേഹത്തിന്‍റെ അദൃശ്യ സാന്നിധ്യം ഇവിടെ എപ്പോഴുമുണ്ട്. ഒരു ദിവസം പോലും അദ്ദേഹത്തിന്‍റെ പാട്ടുകൾ കേൾക്കാതിരുന്നിട്ടില്ല', മലയാളത്തിന്‍റെ പ്രിയ കവിയും ഗാന രചയിതാവുമായ ഒഎൻവി കുറുപ്പിന്‍റെ ചെറുമകളും പിന്നണി ഗായികയുമായ അപർണ രാജീവ് പറയുന്നു.
ഒഎൻവിയുടെ 'മുത്തച്ഛൻ' എന്ന കവിത കവിയുടെ ആറാമത് സ്‌മൃതിവർഷത്തോട് അനുബന്ധിച്ച് മകൻ രാജീവ് ഈണമിട്ട്, രാജീവിന്‍റെ മകൾ അപർണ പാടി അപർണയുടെ യൂട്യൂബ് ചാനലിൽ റിലീസ് ചെയ്‌തിട്ടുണ്ട്.
ഇന്ദീവരം എന്ന വീട്ടിൽ കവിയുടെ എഴുത്തുമുറിയുണ്ട്. 'എഴുതുമ്പോൾ മുറിയിലേക്ക് ആരും പോകാറില്ല. അദ്ദേഹം അതിഷ്ടപ്പെട്ടിരുന്നില്ല. എഴുത്തിന് ഏകാന്തത വേണം. അത് ഞങ്ങൾക്ക് ശീലമാണ്. ടിവിയുടെ ശബ്‌ദം പരമാവധി കുറച്ചു വയ്ക്കും. അച്ഛമ്മയെയാണ് എഴുതുന്നതൊക്കെ വായിച്ചു കേൾപ്പിക്കുക. അച്ഛമ്മ അഭിപ്രായം പറയാറുണ്ടായിരുന്നു. അത് സ്വീകരിച്ചിരുന്നോ എന്ന് എനിക്ക് അറിയില്ല',അപർണ പറയുന്നു.