തിരുവനന്തപുരം: സിപിഎം തിരുവനന്തപുരം ജില്ല സമ്മേളനത്തില്‍ പുതിയ ജില്ല കമ്മറ്റിയുടെ പാനലിന് അംഗീകാരം. ജില്ല സെക്രട്ടറിയായി ആനാവൂര്‍ നാഗപ്പന്‍ തുടരും. രണ്ടാം തവണയാണ് ആനാവൂരിനെ ജില്ലാ സെക്രട്ടറിയായി സമ്മേളനം തെരഞ്ഞെടുക്കുന്നത്.
2016ല്‍ ജില്ല സെക്രട്ടറിയായിരുന്ന കടകംപള്ളി സുരേന്ദ്രന്‍ മന്ത്രിയായപ്പോഴാണ് ആനാവൂര്‍ നാഗപ്പന് ജില്ല സെക്രട്ടറിയുടെ ചുമതല ലഭിച്ചത്. അതിനു ശേഷം നടന്ന ജില്ല സമ്മേളനത്തില്‍ ആനാവൂര്‍ നാഗപ്പനെ ജില്ല സെക്രട്ടറിയായി തെരഞ്ഞെടുത്തു. ഇപ്പോള്‍ വീണ്ടും ആനാവൂര്‍ നാഗപ്പന്‍ സെക്രട്ടറിയായി തെരഞ്ഞെടുക്കുകയായിരുന്നു.
യുവാക്കള്‍ക്ക് പ്രാമുഖ്യം
9 പുതുമുഖങ്ങളെ ഉള്‍പ്പെടുത്തിയാണ് പാനല്‍ തയാറാക്കിയിരിക്കുന്നത്. ആറ്റിങ്ങല്‍ മുന്‍ എംപിയായ എ സമ്പത്തിനെ ജില്ല കമ്മfറ്റിയില്‍ നിന്നും ഒഴിവാക്കി. പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ സമ്പത്ത് വേണ്ടത്ര ശ്രദ്ധ നല്‍കുന്നില്ലെന്ന് സമ്മേളനത്തില്‍ വിമര്‍ശനമുയര്‍ന്നിരുന്നു. ഇതിനു പിന്നാലെയാണ് സമ്പത്തിനെ ജില്ല കമ്മിറ്റിയില്‍ നിന്നും ഒഴിവാക്കുന്നത്. നിലവില്‍ ദേവസ്വം മന്ത്രി കെ രാധാകൃഷ്‌ണന്‍റെ പ്രൈവറ്റ് സെക്രട്ടറിയാണ് സമ്പത്ത്.
ഉള്‍പ്പെടുത്തിയ 9 പുതുമുഖങ്ങളില്‍ യുവാക്കള്‍ക്കാണ് ഏറെ പ്രമുഖ്യം നല്‍കിയിരിക്കുന്നത്. ശിശുക്ഷേമ സമിതി ജനറല്‍ സെക്രട്ടറി ഷിജുഖാന്‍, ഡിവൈഎഫ്‌ഐ സംസ്ഥാന വൈസ് പ്രസിഡന്‍റ് കെ.പി പ്രമേഷ്, എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്‍റ് വിനീഷ്, ജില്ല പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ശൈലജ ബീഗം, കിസാന്‍ സഭ നേതാവ് പ്രീജ, ഡി.കെ ശശി, ജയദേവന്‍, എസ്.പി ദീപക്ക്, അമ്പിളി എന്നിവരാണ് ജില്ല കമ്മിറ്റിയിലേക്ക് പുതുതായി എത്തിയവര്‍.