തിരുവനന്തപുരം: സെക്രട്ടറിയേറ്റിനും മന്ത്രിമാര്‍ക്കും കൂടുതല്‍ സുരക്ഷയൊരുക്കാന്‍ തീരുമാനം. യൂണിവേഴ്സിറ്റി കോളജിലെ വധശ്രമവുമായി ബന്ധപ്പെട്ട് കെഎസ്‌യു സെക്രട്ടറിയേറ്റിനുള്ളിലും മന്ത്രി കെ ടി ജലീലിന്‍റെ ഓഫീസ് പ്രവർത്തിക്കുന്ന അനക്സ് 2 വിലേക്കും പ്രതിഷേധവുമായി തള്ളിക്കയറിയിരുന്നു. സെക്രട്ടറിയേറ്റില്‍ മന്ത്രിസഭാ യോഗം നടക്കുന്ന നോര്‍ത്ത് ബ്ലോക്കിന്‍റെ വാതില്‍ വരെ കെഎസ്‌യു പ്രവര്‍ത്തക പ്രതിഷേധവുമായി എത്തിയിരുന്നു. ഇത്തരത്തിൽ ഇനിയും പ്രതിഷേധം ഉണ്ടാകുമെന്ന സ്പെഷ്യൽ ബ്രാഞ്ചിന്‍റെ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് കർശന സുരക്ഷ ഏർപ്പെടുത്തിയത്.
യൂണിവേഴ്സിറ്റി കോളജ് വിഷയത്തില്‍ പ്രതിഷേധം; മന്ത്രിമാര്‍ക്കും സെക്രട്ടറിയേറ്റിനും സുരക്ഷ വര്‍ധിപ്പിച്ചു
യൂണിവേഴ്സിറ്റി കോളജിലെ വധശ്രമവും പിഎസ്‌സി റാങ്ക് ലിസ്റ്റിലെ ക്രമക്കേടും ഉയര്‍ത്തി പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കി.സെക്രട്ടറിയേറ്റിന്‍റെയും മന്ത്രിമാരുടേയും സുരക്ഷ വര്‍ധിപ്പിച്ചു.
സെക്രട്ടറിയേറ്റിന്‍റെ നാല് ഗേറ്റുകളിൽ മൂന്നും അടച്ചിട്ടു. കന്‍റോണ്‍മെന്‍റ് ഗേറ്റിലൂടെ കർശന പരിശോധനയ്ക്ക് ശേഷമാണ് സന്ദർശകരെ കടത്തിവിടുന്നത്. എല്ലാ ഗേറ്റുകളിലും സമരപന്തലുകൾക്ക് പുറകുവശത്തും അനക്സ് 1, 2 എന്നിവിടങ്ങളിലും പോലീസിനെ വിന്യസിച്ചു. 6 മന്ത്രിമാരുടെ ഓഫീസ് പ്രവർത്തിക്കുന്ന അനക്സ് 2 വിൽ 101 നിരീക്ഷണ ക്യാമറകൾ, മെറ്റൽ ഡിറ്റക്ടർ അടക്കമുള്ള സുരക്ഷാ ഉപകരണങ്ങൾ എന്നിവ വാങ്ങാൻ രണ്ട് കോടി രൂപ സർക്കാർ അനുവദിച്ചിരുന്നു. ഇതു കൂടാതെ മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രി കെ ടി ജലീൽ എന്നിവരുടെ സുരക്ഷ ശക്തമാക്കി. എസ്കോർട്ടില്ലാത്ത മന്ത്രിമാർക്കെല്ലാം എസ്കോർട്ട് ഏർപ്പെടുത്തി. മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന ചടങ്ങുകളിലും സുരക്ഷ വർധിപ്പിക്കാൻ പോലീസ് തീരുമാനിച്ചു. കരിങ്കൊടി പ്രതിഷേധങ്ങൾ നടക്കാൻ സാധ്യതയുണ്ടെന്ന റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.