തിരുവനന്തപുരം :കമ്മ്യൂണിസ്റ്റ് സര്‍ക്കാരുകള്‍ വരുമാനം ലക്ഷ്യമിട്ട് ഹിന്ദു ക്ഷേത്രങ്ങള്‍ കയ്യടക്കാന്‍ ശ്രമിക്കുന്നുവെന്ന, സുപ്രീം കോടതി റിട്ടയേഡ് ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയുടെ പരാമര്‍ശം വസ്‌തുതാ വിരുദ്ധമാണെന്ന് ദേവസ്വം മന്ത്രി കെ രാധാകൃഷ്‌ണന്‍. തെറ്റിദ്ധാരണ മൂലമാണ് അത്തരമൊരു പരാമര്‍ശം നടത്തിയത്. തിരുവിതാംകൂര്‍, കൊച്ചിന്‍, മലബാര്‍, ഗുരുവായൂര്‍, കൂടല്‍ മാണിക്യം എന്നിങ്ങനെ അഞ്ച് ദേവസ്വം ബോര്‍ഡുകളുടെ നിയന്ത്രണത്തിലുള്ള ക്ഷേത്രങ്ങളിലെ വരുമാനം സര്‍ക്കാര്‍ ഖജനാവിലേക്ക് എത്തുന്നില്ല.
ദേവസ്വം ബോര്‍ഡുകളുമായും ക്ഷേത്രങ്ങളുമായും ബന്ധപ്പെട്ട വിവിധ പ്രവര്‍ത്തനങ്ങള്‍ക്കായി കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളിലായി 450 കോടിയോളം രൂപ സര്‍ക്കാര്‍ ഖജനാവില്‍ നിന്ന് ചിലവഴിച്ചിട്ടുണ്ടെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു. പ്രളയം, കൊവിഡ് വ്യാപനം തുടങ്ങിയവ മൂലമുണ്ടായ വരുമാന നഷ്‌ടത്താല്‍ സാമ്പത്തിക പ്രതിസന്ധിയിലായ ദേവസ്വം ബോര്‍ഡുകളിലെ ദൈനംദിന ചെലവുകളും ഉദ്യോഗസ്ഥരുടെ ശമ്പളവും പെന്‍ഷനും ഉള്‍പ്പടെയുള്ളവ മുടങ്ങാതെ നടന്നുപോയത് സര്‍ക്കാര്‍ നല്‍കിയ ധനസഹായം ഉപയോഗപ്പെടുത്തിയാണ്.
അഞ്ച് വര്‍ഷത്തിനിടെ സര്‍ക്കാര്‍ ചിലവഴിച്ചത് 450 കോടി:അന്യാധീനപ്പെട്ട ദേവസ്വം ഭൂമി തിരിച്ചുപിടിക്കുന്നതിനും ക്ഷേത്ര ജീവനക്കാര്‍ക്ക് വ്യവസ്ഥാപിത രീതിയില്‍ ശമ്പളം കൊടുക്കുന്നതിനും ഒരു കാലത്ത് ക്ഷേത്ര പരിസരത്ത് പോലും പ്രവേശനം നിഷേധിക്കപ്പെട്ട ജനതയെ ക്ഷേത്ര ജീവനക്കാരാക്കി മാറ്റുന്നതിനുമുള്ള നടപടികള്‍ സ്വീകരിച്ചത് ഇടതുപക്ഷ സര്‍ക്കാരുകളുടെ കാലത്താണ്. ശബരിമല മാസ്റ്റര്‍പ്ലാന്‍ പോലുള്ള ബൃഹത്തായ വികസന പദ്ധതികള്‍ കാര്യക്ഷമമായി നടത്താനും സുഗമമായ തീര്‍ഥാടന സൗകര്യങ്ങള്‍ ഒരുക്കാനുമാണ് ഈ സര്‍ക്കാര്‍ നിലവില്‍ മുന്‍ഗണന നല്‍കുന്നത്.