തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളജ് ജീവനക്കാരുടെ ഡ്യൂട്ടി സമയം പുനക്രമീകരിച്ചു. നഴ്‌സുമാർ ഉൾപ്പെടെയുള്ള ആരോഗ്യ പ്രവർത്തകരുടെ ഡ്യൂട്ടി സമയമാണ് പുനക്രമീകരിച്ചത്. ഏഴ് ദിവസത്തെ കൊവിഡ് ഡ്യൂട്ടി കഴിഞ്ഞാൽ ആരോഗ്യപ്രവർത്തകർക്ക് മൂന്ന് ദിവസം അവധി ലഭിക്കും. ഇതുകൂടാതെ നൈറ്റ് ഡ്യൂട്ടിക്ക് ശേഷമുള്ള അവധിയും പുനക്രമീകരിച്ചിട്ടുണ്ട്.
തിരുവനന്തപുരം മെഡിക്കൽ കോളജില്‍ ഡ്യൂട്ടി സമയം പുനക്രമീകരിച്ചു - ആരോഗ്യപ്രവര്‍ത്തകര്‍
ഏഴ് ദിവസത്തെ കൊവിഡ് ഡ്യൂട്ടി കഴിഞ്ഞാൽ ആരോഗ്യപ്രവർത്തകർക്ക് മൂന്ന് ദിവസം അവധി ലഭിക്കും
കൊവിഡ് രോഗബാധിതരുടെ എണ്ണം വർധിച്ച സാഹചര്യത്തിൽ ജീവനക്കാരുടെ അവധി അടക്കമുള്ള കാര്യങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു. എന്നാൽ രോഗബാധിതരുടെ എണ്ണം കുറയുന്ന സാഹചര്യത്തിൽ ഇവയെല്ലാം പുനക്രമീകരിക്കണമെന്ന ആവശ്യവുമായി ജീവനക്കാര്‍ രംഗത്തെത്തുകയായിരുന്നു. എന്നാൽ ആശുപത്രി അധികൃതർ ഇത് ചെവിക്കൊണ്ടില്ല. കൊവിഡ് ഡ്യൂട്ടി കഴിഞ്ഞവർക്ക് അവധി നൽകാതെ പിറ്റേദിവസം മുതൽ നോൺ കൊവിഡ് ഡ്യൂട്ടിക്ക് ഹാജരാകണമെന്ന് നിർദേശവും പുറപ്പെടുവിച്ചു. ഇതിനെതിരെ നഴ്സുമാരുടെ സംഘടന പ്രത്യക്ഷ സമരം നടത്തി. കേരള ഗവൺമെന്‍റ് നഴ്‌സസ് യൂണിയൻ ഒരു മണിക്കൂർ ഡ്യൂട്ടി ബഹിഷ്കരിച്ചാണ് പ്രതിഷേധം സംഘടിപ്പിച്ചത്.
ജീവനക്കാരുടെ ആവശ്യങ്ങളില്‍ തീരുമാനമായില്ലെങ്കിൽ അനിശ്ചിതകാല സമരവും സംഘടന പ്രഖ്യാപിച്ചിരുന്നു. ആശുപത്രി അധികൃതർ സംഘടനാ പ്രതിനിധികളുമായി ബുധനാഴ്‌ച നടത്തിയ ചർച്ചയിലാണ് ഡ്യൂട്ടി പുനക്രമീകരിക്കാൻ തീരുമാനിച്ചത്. ആവശ്യങ്ങൾ അംഗീകരിച്ചതോടെ തുടർ സമരത്തിൽ നിന്ന് പിന്മാറുകയാണെന്ന് കേരള ഗവൺമെന്‍റ് നഴ്‌സസ് യൂണിയൻ അറിയിച്ചു.