തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി സതീശന് ഫേസ്‌ബുക്കില്‍ തുറന്ന കത്തെഴുതി സിപിഎം പോളിറ്റ് ബ്യൂറോ അംഗം എം.എ ബേബി. കോൺഗ്രസ് ആർഎസ്‌എസിന്‍റെ ചട്ടുകം ആകരുതെന്നും ആർഎസ്‌എസിന്‍റെ കൈയിലെ പാവയായ ഒരു സ്ത്രീ പറയുന്ന കാര്യങ്ങൾ ഏറ്റുപിടിക്കരുതെന്നും കത്തില്‍ പറയുന്നു. സ്വപ്‌ന സുരേഷിന്‍റെ ആരോപണങ്ങളെ തുടര്‍ന്ന് മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ടുകൊണ്ടുള്ള കോണ്‍ഗ്രസിന്‍റെ പ്രതിഷേധം തുടരുന്നതിനിടെയാണ് വിമര്‍ശനവുമായി എം.എ ബേബി രംഗത്തെത്തിയത്.
കോണ്‍ഗ്രസ് ആർഎസ്‌എസുമായി ഗൂഢാലോചന നടത്തി തെരുവിൽ അഴിഞ്ഞാട്ടം നടത്തുകയാണെന്നും എം.എ ബേബി ആരോപിച്ചു. ജനാധിപത്യം വെല്ലുവിളി നേരിടുമ്പോൾ കോൺഗ്രസിന് ഏറ്റവും കൂടുതൽ പാർലമെന്‍റ് അംഗങ്ങളെ നല്‍കിയ കേരളത്തിലെ കോൺഗ്രസ് എന്താണ് ചെയ്യുന്നതെന്നും ഫേസ്‌ബുക്ക് കുറിപ്പില്‍ ചോദിക്കുന്നു. ഇത്തരം ദുരന്ത നാടകങ്ങൾ അവസാനിപ്പിക്കണമെന്നും ഒന്നാമത്തെ കടമ ആർഎസ്‌എസിനെതിരായ പോരാട്ടമാണെന്ന് തീരുമാനിക്കണമെന്നും അഭ്യർഥിക്കുന്നുവെന്നും പറഞ്ഞുകൊണ്ടാണ് എം.എ ബേബി തന്‍റെ ഫേസ്‌ബുക്ക് കുറിപ്പ് അവസാനിപ്പിക്കുന്നത്.
എം.എ ബേബിയുടെ ഫേസ്‌ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണ രൂപം:
പ്രിയപ്പെട്ട പ്രതിപക്ഷ നേതാവ് ശ്രീ വി ഡി സതീശൻ,
കോൺഗ്രസിന്‍റെ ഒരു നേതാവ് എന്ന നിലയിൽ ഇന്ത്യൻ ജനാധിപത്യം ഇന്ന് നേരിടുന്ന പ്രതിസന്ധിയെക്കുറിച്ച് താങ്കൾ ബോധവാനാണ് എന്നാണ് ഞാൻ കരുതുന്നത്. ഈ കാലത്ത് കേരളത്തിലെ കോൺഗ്രസ് താങ്കളുടെ നേതൃത്വത്തിൽ ആർഎസ്‌എസിന്‍റെ ചട്ടുകം ആവരുത് എന്ന് അഭ്യർഥിക്കാനാണ് ഞാൻ നിങ്ങൾക്ക് എഴുതുന്നത്. ആർഎസ്‌എസിന്‍റെ കൈയിലെ പാവയായ ഒരു സ്ത്രീ പറയുന്ന കാര്യങ്ങൾ ഏറ്റുപിടിച്ച് കേരളത്തിലെ മുഖ്യമന്ത്രി സഖാവ് പിണറായി വിജയനെ തെരുവിൽ ആക്രമിക്കാൻ അണികളെ കയറൂരി വിടുക എന്നതാണോ ഇന്നത്തെ നിങ്ങളുടെ രാഷ്ട്രീയ കടമ?.
2025ൽ ആർഎസ്എസ് സ്ഥാപനത്തിന്‍റെ നൂറാം വാർഷികമാണ്. ഹിന്ദു രാഷ്‌ട്രം എന്ന ആർഎസ്‌എസ് ലക്ഷ്യം നേടുന്നതിൽ വലിയ ചുവടുവയ്‌പുകള്‍ അന്നേക്ക് നേടണം എന്നതിൽ ഈ അർധ ഫാസിസ്റ്റ് മിലിഷ്യയ്‌ക്ക് താല്‌പര്യമുണ്ട്. അതിനുള്ള നടപടികൾ ഒന്നൊന്നായി അവർ എടുത്തുവരുന്നു. ഇന്ത്യയുടെ ഭരണഘടനയുടെയും ജനാധിപത്യത്തിന്‍റെയും ആധാരശിലയായ മതനിരപേക്ഷ രാഷ്‌ട്രസങ്കല്‌പം റദ്ദു ചെയ്യുന്നതിൽ അവർ വളരെയേറെ മുന്നോട്ടുപോയി. കോൺഗ്രസ് സർക്കാരിന്‍റെ മൗനാനുവാദത്തോടെ ബാബറി മസ്‌ജിദ് പൊളിച്ചുകൊണ്ട് ഇന്ത്യയിലെ ജനങ്ങളെ അവർ മതാടിസ്ഥാനത്തിൽ വിഭജിച്ചു. തുടർന്ന് നടന്ന വർഗീയ ലഹളകളെയെല്ലാം ആർഎസ്‌എസ് അവരുടെ സങ്കുചിത രാഷ്‌ട്രീയവീക്ഷണം പരത്താനാണ് ഉപയോഗിച്ചത്. ഗുജറാത്തിൽ നടത്തിയ ലഹള അടക്കമുള്ള കൂട്ടക്കൊലകൾ ഉപയോഗിച്ച് ബിജെപി ഇന്ത്യയിലെ ഭരണകക്ഷിയായി.