തിരുവനന്തപുരം : സംസ്ഥാനത്ത് ഏപ്രിൽ 6 മുതൽ 10 വരെ ഇടിമിന്നലോടുകൂടിയ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയുണ്ടെന്ന കാലാവസ്ഥ വകുപ്പിന്‍റെ മുന്നറിയിപ്പിന്‍റെ പശ്ചാത്തലത്തിൽ ദുരന്തനിവാരണ വകുപ്പ് ജാഗ്രത നിർദേശം പുറപ്പെടുവിച്ചു. ഉച്ചയ്ക്ക് 2 മണി മുതൽ രാത്രി 10 മണി വരെ ഇടിമിന്നലിനെതിരെ പ്രത്യേക കരുതൽ പുലർത്തണം, കാർമേഘം കണ്ടുതുടങ്ങുമ്പോൾ മുതൽ ശ്രദ്ധിക്കണം, ഇടിമിന്നൽ ദൃശ്യമല്ലെങ്കിലും കരുതൽ ഒഴിവാക്കരുതെന്നും ദുരന്ത നിവാരണ വകുപ്പ് ചൂണ്ടിക്കാട്ടി.
കരുതൽ ഇങ്ങനെ : 1. തുറസ്സായ സ്ഥലങ്ങളിൽ നിൽക്കരുത്. ഇടിമിന്നലിന്‍റെ ആദ്യ ലക്ഷണം കണ്ടാലുടൻ സുരക്ഷിതമായ കെട്ടിടത്തിലേക്ക് മാറുക.
2. ശക്തമായ കാറ്റിനും മിന്നലിനും സാധ്യതയുള്ളപ്പോൾ ജനലും വാതിലും അടച്ചിടുക. ജനലിനും വാതിലിനും സമീപത്ത് നിൽക്കാതിരിക്കുക. കെട്ടിടത്തിനുള്ളിൽ തുടരുക. ഭിത്തിയിലോ തറയിലോ സ്‌പർശിക്കാതെ ഇരിക്കുക.
3. ഗൃഹോപകരണങ്ങളുടെ വൈദ്യുതിബന്ധം വിച്ഛേദിക്കുക, അവയുടെ സാമീപ്യം ഒഴിവാക്കുക.
4. ടെലിഫോൺ ഉപയോഗിക്കരുത്. മൊബൈൽ ഉപയോഗിക്കാം.
5. കുട്ടികൾ ഉച്ചയ്ക്ക് 2 മണി മുതൽ രാത്രി 10 വരെ അന്തരീക്ഷം മേഘാവൃതമാണെങ്കിൽ തുറസ്സായ സ്ഥലത്തും ടെറസ്സിലും കളിക്കരുത്.
6. ഇടിമിന്നലുള്ളപ്പോൾ മരച്ചുവട്ടിൽ നിൽക്കുകയും വാഹനങ്ങൾ പാർക്കുചെയ്യുകയും അരുത്.
7. ഇടിമിന്നലുളളപ്പോൾ വാഹനത്തിൽ തന്നെ തുടരുന്നത് സുരക്ഷിതമാണ്. കൈകാലുകൾ പുറത്തിടരുത്. സൈക്കിൾ, ബൈക്ക്, ട്രാക്‌ടറുകൾ എന്നിവയിലുള്ള യാത്ര ഒഴിവാക്കുക.