തിരുവനന്തപുരം: തോട്ടം തൊഴിലാളികളെ ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി വീട് നിർമ്മിച്ച് നൽകുമെന്ന് തൊഴിൽ മന്ത്രി വി ശിവൻകുട്ടി. തോട്ടം തൊഴിലാളികളുടെ പ്രശ്നങ്ങൾ പരിഹരിക്കപ്പെടേണ്ടതിന്‍റെ ആവശ്യകത സംബന്ധിച്ച് പുനലൂർ എം എൽ.എ പി എസ് സുപാൽ നിയമസഭയിൽ ഉന്നയിച്ച ശ്രദ്ധക്ഷണിക്കലിലാണ് തൊഴിൽ മന്ത്രിയുടെ വിശദീകരണം. ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തി ഭവനം ഫൗണ്ടേഷൻ കേരള മുഖേന ഭവനരഹിതരായ തൊഴിലാളികൾക്ക് വീട് നിർമ്മിച്ച് നൽകുന്ന നടപടികൾ സ്വീകരിച്ചു വരികയാണ്. തൊഴിൽ വകുപ്പിന് കീഴിലുള്ള പൊതുമേഖലാ സ്ഥാപനമായ പുനലൂരിലെ ആർ.പി.എൽ തൊഴിലാളികൾക്ക് 40 വീടുകൾ നിർമിക്കുന്നതിനുള്ള നടപടികൾ ആരംഭിച്ചു കഴിഞ്ഞു. ഇതിൽ ആറ് വീടുകളുടെ നിർമാണം പൂർത്തിയായിട്ടുണ്ട്.
അതേസമയം തോട്ടം മേഖലയിലെ തൊഴിലാളികൾക്ക് വാക്സിനേഷൻ നൽകുന്നതിന് ആവശ്യമായ സൗകര്യങ്ങൾ സർക്കാർ ഒരുക്കിയിട്ടുണ്ട്. കേന്ദ്രസർക്കാർ രൂപം നൽകിയിട്ടുള്ള സോഷ്യൽ സെക്യൂരിറ്റി കോഡ് നിലവിൽ വരുന്ന മുറക്ക് തോട്ടം തൊഴിലാളികളെ ഇഎസ്ഐ പദ്ധതിയിൽ ഉൾപ്പെടുത്തി ഓപ്ഷണൽ കവറേജ് ലഭ്യമാക്കും. തോട്ടം തൊഴിലാളികളുടെ വിരമിക്കൽ പ്രായം 58 വയസിൽ നിന്നും 60 ആക്കി ഉയർത്തിയ സർക്കാർ ഉത്തരവിൽ ഹൈക്കോടതിയിൽ കേസ് നിലനിൽക്കുന്നുണ്ട്. ഇക്കാര്യത്തിൽ കോടതിയിൽ വസ്തുത വിവരണ പത്രിക സമർപ്പിച്ചിട്ടുണ്ട്.