കേരളം

kerala

ETV Bharat / city

യുഡിഎഫ് കോട്ടയിളക്കി എല്‍ഡിഎഫ്; തരംഗമായി പ്രശാന്തും ജനീഷ്‌ കുമാറും - കോന്നി

ഉപതെരഞ്ഞെടുപ്പിന്‍റെ ഫലം പുറത്തു വന്നപ്പോള്‍ മൂന്ന് മുന്നണികളുടെയും കണക്കുകൂട്ടലുകള്‍ തെറ്റി. വട്ടിയൂര്‍ക്കാവില്‍ എല്‍ഡിഎഫ് പ്രതീക്ഷിച്ചതിനെക്കാള്‍ ഭൂരിപക്ഷം നേടി. കോന്നിയില്‍ കെ.യു ജനീഷ് കുമാറിന് തകര്‍പ്പന്‍ വിജയം. രണ്ടിടവും യുഡിഎഫിന്‍റെ ഉറച്ച കോട്ട

യുഡിഎഫ് കോട്ടകള്‍ കീഴടക്കി എല്‍ഡിഫ്; തരംഗമായി പ്രശാന്തും ജനീഷ്‌ കുമാറും

By

Published : Oct 24, 2019, 12:45 PM IST

Updated : Oct 24, 2019, 3:43 PM IST

ശക്തമായ ത്രികോണ മത്സരം നടന്ന കോന്നിയിലും വട്ടിയൂർക്കാവിലും ചരിത്രം തിരുത്തിയാണ് ഇടതുമുന്നണി വിജയിച്ചത്. വട്ടിയൂര്‍ക്കാവ് മണ്ഡലത്തില്‍ എല്‍.ഡി.എഫിന്‍റെ ആദ്യവിജയം. യുഡിഎഫിന്‍റെ കോട്ടയായിരുന്ന കോന്നിയിൽ ഇരുപത്തി മൂന്ന് വർഷങ്ങൾക്ക് ശേഷം എല്‍.ഡി.എഫ് വിജയിച്ചു.

യുഡിഎഫ് കോട്ടകള്‍ കീഴടക്കി എല്‍ഡിഫ്; തരംഗമായി പ്രശാന്തും ജനീഷ്‌ കുമാറും

2011ൽ വട്ടിയൂർക്കാവ് മണ്ഡലം രൂപം കൊണ്ടതിന് ശേഷം രണ്ട് തവണയും മണ്ഡലം മുരളീധരനൊപ്പമായിരുന്നു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ മൂന്നാം സ്ഥാനത്തേക്ക് തള്ളപെട്ട എൽഡിഎഫ് മണ്ഡലത്തിൽ ഇക്കുറി അട്ടിമറി നേട്ടമാണ് സ്വന്തമാക്കിയത്. 14438 വോട്ടിന്‍റെ ഭൂരിപക്ഷമാണ് തലസ്ഥാന നഗരിയുടെ 'നഗര പിതാവ്' വി.കെ പ്രശാന്ത് നേടിയത്. സി.പി.എം പോലും ഇത്ര മികച്ച വിജയം പ്രതീക്ഷിച്ചിരുന്നില്ല. രാവിലെ എട്ടിന് വോട്ടെണ്ണി തുടങ്ങിയതു മുതല്‍ ഒരു തവണ പോലും പ്രശാന്ത് പിന്നിലേക്ക് പോയില്ല. ഓരോ ഘട്ടത്തിലും വി.കെ പ്രശാന്ത് ലീഡ് നില ഉയര്‍ത്തിക്കൊണ്ടിരുന്നു. എ.കെ.ജി സെന്‍ററിന് മുന്നില്‍ പ്രവര്‍ത്തകര്‍ പടക്കം പൊട്ടിച്ചും മധുരം വിതരണം ചെയ്തും വിജയം ആഘോഷിച്ചു.

പ്രളയ കാലത്ത് സാമൂഹിക മാധ്യമങ്ങളിലൂടെ ഏറെ ശ്രദ്ധ നേടിയ വ്യക്തിത്വമാണ് തിരുവനന്തപുരം മേയർ വി.കെ പ്രശാന്ത്. 'മേയർ ബ്രോ' എന്ന പ്രശാന്തിന്‍റെ പരിവേഷം രാഷ്ട്രീയത്തിനപ്പുറം ജന പിന്തുണ ലഭിക്കാൻ സഹായിക്കുമെന്ന എൽഡിഎഫിന്‍റെ കണക്കുകൂട്ടലുകൾ ഫലം കണ്ടു. മണ്ഡലത്തിൽ ശക്തമായ സ്വാധീനമുള്ള എൻഡിഎയുടെ എസ് സുരേഷിനെയും മുൻ ഡിസിസി പ്രസിഡന്‍റും നോർത്ത് മുൻ എം.എൽ.എയുമായിരുന്ന യുഡിഎഫ് സ്ഥാനാർഥി കെ.മോഹൻകുമാറിനെയും പരാജയപ്പെടുത്തിയാണ് വട്ടിയൂർക്കാവിലെ അങ്കത്തിൽ എൽഡിഎഫ് വെന്നികൊടി പാറിച്ചത്. മണ്ഡലത്തിൽ യുഡിഎഫിന് എൻഎസ്എസിന്‍റെ പരസ്യ പിന്തുണ ഉണ്ടായിട്ടും വിജയം കരസ്ഥമാക്കിയത് എൽഡിഎഫിന്‍റെ ശക്തി പ്രകടമാക്കുന്നു. മണ്ഡലത്തിലെ ന്യൂനപക്ഷ വോട്ടുകളും ഇടതിന്‍റെ വിജയത്തിന് കാരണമായി.

ഇടതുപക്ഷത്തിന് ഇതുവരെ പിടി കൊടുക്കാതിരുന്ന മണ്ഡലമായിരുന്നു വട്ടിയൂർക്കാവ്. എട്ട് വർഷം വട്ടിയൂർക്കാവ് എംഎൽഎ ആയിരുന്ന കെ മുരളീധരൻ ലോക്സഭാ തെരഞ്ഞെടുപ്പിൽ വടകരയിൽ മത്സരിച്ച് ജയിച്ചതോടെയാണ് വട്ടിയൂർക്കാവിൽ ഉപതെരഞ്ഞെടുപ്പ് നടത്തിയത്. അടുത്ത രണ്ട് വർഷത്തേക്ക് മാത്രമാണ് വി.കെ പ്രശാന്ത് തെരഞ്ഞെടുക്കപ്പെട്ടതെങ്കിലും ശക്തമായ യുഡിഎഫ് കോട്ട തകർത്തതിൽ അഭിമാനിക്കാം. വട്ടിയൂർക്കാവായി മാറുന്നതിന് മുൻപ് തിരുവനന്തപുരം നോർത്ത് ആയിരുന്ന മണ്ഡലം ഇടതിന്‍റെ ശക്തമായ കോട്ടയായിരുന്നു. 1977ൽ മണ്ഡലം നിലവിൽ വന്നത് മുതൽ സ്വതന്ത്ര സ്ഥാനാർഥിയായ കെ രവീന്ദ്രൻ നായരാണ് മണ്ഡലത്തിൽ വിജയിച്ചത്. തുടർന്ന് 1980, 1987, 1991,1996, 2000 എന്നീ വർഷങ്ങളിലെ തെരഞ്ഞെടുപ്പിൽ ഇടത് സ്ഥാനാർഥികൾ വിജയിച്ചു. 1982ലും 2001ലും കോൺഗ്രസ് വിജയം കണ്ടെങ്കിലും 2011ലെ മണ്ഡല പുനർ നിർണയത്തിൽ ചിത്രം മാറിയിരുന്നു. ഇതാണ് വി.കെ പ്രശാന്തിലൂടെ എൽഡിഎഫ് തിരുത്തി വരച്ചത്. കോൺഗ്രസും ബിജെപിയും തമ്മിലാണ് മത്സരം നടക്കുക എന്ന് കണക്ക് കൂട്ടിയ മണ്ഡലത്തിൽ മേയർ സ്ഥാനാർഥിയായി വന്നതോടെ ശക്തമായ ത്രികോണ പോരാട്ടത്തിന് വട്ടിയൂർക്കാവ് സാക്ഷ്യം വഹിക്കുകയായിരുന്നു.

കോന്നിയിൽ രാഷ്ട്രീയത്തിനപ്പുറം പ്രചാരണം വഴിമാറിയ കാഴ്ചയാണ് ഇത്തവണ കണ്ടത്. മത, സാമുദായിക നേതാക്കളുടെ പിന്തുണ ഉറപ്പിക്കാൻ രാഷ്ട്രീയ നേതൃത്വം മൽസരിച്ചു. യുഡിഎഫും എൻഡിഎയും ശബരിമലയാണ് പ്രചാരണ വിഷയമാക്കിയത്. ഇതിനെ പ്രതിരോധിക്കാൻ എൽഡിഎഫിനും ശബരിമല കൊണ്ടുതന്നെ തിരിച്ചടിച്ചു. ലോക്സഭാ തെരഞ്ഞെടുപ്പിലെ തന്ത്രങ്ങൾ തന്നെ മുന്നണികൾ തിരിച്ചും മറിച്ചും പ്രയോഗിച്ചു. ഒടുവിൽ കോട്ട തകർത്ത് എല്‍ഡിഎഫ് മണ്ഡലത്തിൽ വിജയിച്ചു. കോന്നി മണ്ഡലം 1967ലാണ് രൂപീകരിച്ചത്. ആദ്യമായി മണ്ഡലത്തില്‍ വിജയിച്ചത് സിപിഐയായിരുന്നു. പിന്നീട് 70ലും 77ലും ഐഎന്‍സിയിലെ പിജെ തോമസ് വിജയിച്ചു. പിന്നെ ഇടതു വലതും മാറിമാറി മണ്ഡലം സ്വന്തമാക്കിയെങ്കിലും 1996മുതല്‍ അടൂര്‍ പ്രകാശ് കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നു. കെ.യു ജനീഷ് കുമാറിന് നിയമസഭയിലേക്ക് കന്നിയങ്കമാണ്. 9953 വോട്ടുകളുടെ വ്യക്തമായ ഭൂരിപക്ഷമാണ് മണ്ഡലത്തില്‍ എല്‍.ഡി.എഫ് നേടിയത്.

വട്ടിയൂര്‍ക്കാവും കോന്നിയും നഷ്ടപ്പെട്ടത് വരും ദിവസങ്ങളില്‍ യുഡിഎഫിനെ കൂടുതല്‍ ആഭ്യന്തര പ്രശ്നങ്ങളിലേക്ക് നയിക്കുമെന്നുറപ്പാണ്. രാജ്മോഹന്‍ ഉണ്ണിത്താനും കുഞ്ഞാലിക്കുട്ടിയും പരസ്യ പ്രതികരണവുമായി രംഗത്തെത്തി. യുഡിഎഫിലെ അനൈക്യമാണ് സീറ്റുകള്‍ നഷ്ടമാവാന്‍ കാരണമെന്നാണ് ഇരുവരും മാധ്യമങ്ങളോട് പ്രതികരിച്ചത്. കിട്ടിയതിനെക്കാളെറെ നഷ്ടപ്പെട്ടതിനെ കുറിച്ചാകും ഇനി യുഡിഎഫിലെ പ്രധാന ചര്‍ച്ചാ വിഷയം.

Last Updated : Oct 24, 2019, 3:43 PM IST

ABOUT THE AUTHOR

...view details