തിരുവനന്തപുരം:എ. ആര്‍ നഗര്‍ സഹകരണ ബാങ്ക് കള്ളപ്പണക്കസുമായി ബന്ധപ്പെട്ട് ഉയര്‍ത്തിയ ആരോപണങ്ങളെ തള്ളിയതിന് പിന്നാലെ മുന്‍ മന്ത്രിയും എംഎൽഎയുമായ കെ.ടി ജലീലിനെ മുഖ്യമന്ത്രി വിളിച്ചു വരുത്തി. രാവിലെ ക്ലിഫ് ഹൗസിലെത്തിയ ജലീല്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്‌ച നടത്തി. കൂടിക്കാഴ്‌ച സ്ഥീരികരിച്ച് പിന്നാലെ ജലീല്‍ ഫേസ്ബുക്ക് പോസ്റ്റുമിട്ടു.
പേരാട്ടം തുടരുമെന്ന് കെ.ടി ജലീൽ
ഇ.ഡി അന്വേഷണം ആവശ്യപ്പെട്ട ജലീലിന്‍റെ നടപടിയില്‍ അതൃപ്‌തി രേഖപ്പെടുത്തിയ മുഖ്യമന്ത്രി വിമര്‍ശനങ്ങള്‍ തീര്‍ത്തും വ്യക്തിപരമാകുന്നതിലുള്ള നീരസവും ജലീലുമായി പങ്കുവച്ചെന്നാണ് സൂചന. കൂടിക്കാഴ്‌ചയ്ക്ക് ശേഷം ഇ.ഡി ഓഫീസില്‍ ഹാജരാകാനായി ജലീല്‍ കൊച്ചിയിലേക്കു പോയി. എന്നാല്‍ കുഞ്ഞാലിക്കുട്ടിയുടെ കള്ളപ്പണ-ഹവാല ഇടപാടുകളുടെ സത്യാവസ്ഥ പുറത്തു കൊണ്ടുവരാനുള്ള പോരാട്ടം ശക്തമായി തുടരുമെന്ന് കൂടിക്കാഴ്‌ച സ്ഥിരീകരിച്ചുള്ള ഫേസ്ബുക്ക് പോസ്റ്റില്‍ ജലീല്‍ അറിയിച്ചു.
2006ല്‍ കച്ച മുറുക്കി ഉടുത്ത് അങ്കത്തട്ടില്‍ അടരാടി ലക്ഷ്യം കണ്ടിട്ടുണ്ടെങ്കില്‍ 2021ലും പോരാട്ടം ലക്ഷ്യം കാണും. സാമ്പത്തിക തട്ടിപ്പുകള്‍ക്കും വെട്ടിപ്പുകള്‍ക്കുമെതിരെ നടപടിയെടുക്കുന്ന സര്‍ക്കാരാണ് കേരളം ഭരിക്കുന്നത്. ലീഗ് നേതാക്കള്‍ക്ക് എന്തും ആഗ്രഹിക്കാം. ആഗ്രഹങ്ങള്‍ കുതിരകളായിരുന്നെങ്കില്‍ ഭിക്ഷാം ദേഹികള്‍ പോലും സവാരി ചെയ്തേനെ എന്ന വരികള്‍ എത്ര പ്രസ്‌ക്തമെന്ന് ജലീല്‍ ഫേസ്ബുക്കില്‍ കുറിച്ചു.