തിരുവനന്തപുരം:കൊവിഡ് ഒന്നാം തരംഗത്തിനു പിന്നാലെ രണ്ടാം തരംഗത്തിലും ഭീമമായ നഷ്ടത്തിൽ നിന്നും കരകയറാനാവാതെ കെ.എസ്.ആര്‍.ടി.സി. സർവീസുകൾ 50 ശതമാനത്തിന് താഴെയായി കുറച്ചതും യാത്രക്കാർ കുറഞ്ഞതും സാമ്പത്തിക നഷ്ടം രണ്ടിരട്ടിയാക്കിയിട്ടുണ്ട്. പ്രതിദിനം നാലര കോടിക്ക് മുകളിൽ കളക്ഷൻ കിട്ടിയിരുന്ന സ്ഥാനത്ത് ഇന്ന് പ്രതിദിനം ലഭിക്കുന്നത് ഒന്നര കോടിയുടെ കളക്ഷൻ മാത്രമാണ്.
കൂടുതല്‍ വായനയ്ക്ക്:കെഎസ്ആര്‍ടിസിയുടെ 100 കോടി കാണാതായതില്‍ വിജിലന്‍സ് അന്വേഷണം
സാമ്പത്തിക ബാധ്യതകൾക്കിടയിലും സർവീസുകൾ നിർത്തില്ലെന്ന് സി.എം.ഡി ബിജു പ്രഭാകർ അറിയിച്ചു. ഡീസലിന് പോലും പ്രതിദിന കളക്ഷൻ തികയുന്നില്ല. സർക്കാരിൽ നിന്ന് സാമ്പത്തിക സഹായം ലഭിക്കുന്നുണ്ട്. അതേസമയം, ആരോഗ്യപ്രവർത്തകർ ആവശ്യപ്പെടുന്ന ഇടങ്ങളിലേക്ക് കൂടുതൽ ബസ് സർവീസുകൾ നടത്തുമെന്ന് കോർപ്പറേഷൻ അറിയിച്ചു. സംസ്ഥാനത്തുടനീളം ഈ സൗകര്യം ലഭ്യമാകും. നിലവിൽ 12 മണിക്കൂറാണ് പുനക്രമീകരിച്ച ജീവനക്കാരുടെ ഡ്യൂട്ടി സമയം.
തിരക്കുള്ള രാവിലെ ഏഴു മുതൽ 11 വരെയും വൈകീട്ട് മൂന്നു മുതൽ രാത്രി ഏഴു വരെയും കൂടുതൽ സർവീസ് നടത്താൻ വേണ്ടിയാണ് 12 മണിക്കൂർ എന്നുള്ള ഷിഫ്റ്റ് താൽക്കാലികമായി നടപ്പിലാക്കിയത്. മെയ് 15ന് ശേഷം സർവീസുകൾ 70 ശതമാനമായി ഉയർത്തുമെന്ന് അറിയിച്ചിട്ടുണ്ടെങ്കിലും കൊവിഡ് വ്യാപനം പരിഗണിച്ചാകും ഇത്തരം തീരുമാനങ്ങളിലേക്ക് കടക്കുകയെന്നും കെ.എസ്.ആര്‍.ടി.സി എം.ഡി അറിയിച്ചു.