പ്രവാസികളുടെ പുനരധിവാസത്തിന് കുറഞ്ഞ പലിശ നിരക്കിൽ കെ.എസ്.എഫ്.ഇ വായ്‌പ
ചെറുകിട വ്യാപാരികൾക്ക് 24 മാസ കാലാവധിയിൽ 11.5 ശതമാനം പലിശനിരക്കിൽ ഒരു ലക്ഷം രൂപ വായ്‌പ നൽകും. കൃത്യമായി തിരിച്ചടയ്ക്കുന്നവർക്ക് പലിശ 11 ശതമാനമായി കുറക്കും
തിരുവനന്തപുരം: കേരളത്തിലേക്ക് മടങ്ങിവരുന്ന പ്രവാസികളുടെ പുനരധിവാസത്തിന് കുറഞ്ഞ പലിശ നിരക്കിൽ കെ.എസ്.എഫ്.ഇ വായ്‌പ നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ആദ്യ നാലു മാസം 3 ശതമാനം പലിശനിരക്കിൽ ഒരു ലക്ഷം രൂപ സ്വർണ വായ്‌പ അനുവദിക്കും. പ്രവാസി ചിട്ടിയിലുള്ളവർക്ക് 3 ശതമാനം പലിശ നിരക്കിൽ 1.5 ലക്ഷം രൂപ വായ്‌പ നൽകും. 10,000 രൂപ വരെയുള്ള വായ്‌പയുടെ പലിശ ഒരു ശതമാനം കുറച്ച് 8.5 ശതമാനമാക്കും. ചെറുകിട വ്യാപാരികൾക്ക് 24 മാസ കാലാവധിയിൽ 11.5 ശതമാനം പലിശനിരക്കിൽ ഒരു ലക്ഷം രൂപ വായ്‌പ നൽകും. കൃത്യമായി തിരിച്ചടയ്ക്കുന്നവർക്ക് 11 ശതമാനമായി പലിശ കുറയ്ക്കും. വ്യാപാരികൾക്ക് രണ്ട് വർഷ കാലാവധിയുള്ള ഗ്രൂപ്പ് വായ്‌പകള്‍ അനുവദിക്കും. സംസ്ഥാനത്തെ റവന്യൂ റിക്കവറി നടപടികൾ ജൂൺ 30 വരെ നിർത്തിവയ്ക്കും. വാഹനങ്ങളിൽ ആളുകളെ കുത്തിനിറച്ചുള്ള യാത്രകൾ അനുവദിക്കില്ല. തട്ടുകടകളിൽ പാഴ്‌സല്‍ മാത്രമേ അനുവദിക്കൂ. ആശുപത്രികളിലെ തിരക്ക് നിയന്ത്രിക്കാൻ നടപടിയെടുക്കും. സ്വകാര്യ ട്യൂഷൻ സെന്‍ററുകൾ തല്‍ക്കാലം പ്രവർത്തിക്കാൻ അനുവദിക്കില്ല. അത്യാവശ്യക്കാർക്ക് ഓൺലൈനായി ട്യൂഷൻ എടുക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു.