തിരുവനന്തപുരം:സർവകലാശാല വിസി നിയമനവുമായി ബന്ധപ്പെട്ട പുതിയ ബില്ലിനെതിരെ കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. സർവകലാശാല ഭരണത്തില്‍ കൈകടത്താനും പിന്‍വാതില്‍ നിയമനങ്ങള്‍ സുഗമമാക്കാനും വേണ്ടിയാണ് സര്‍ക്കാര്‍ പുതിയ ബില്ല് കൊണ്ടു വരുന്നതെന്ന് കെ സുധാകരന്‍ ആരോപിച്ചു. ഈ നീക്കത്തിന് പിന്നിലെ ഉദ്ദേശ ശുദ്ധി സംശയാസ്‌പദമാണ്.
ഉന്നത നിലവാരത്തിന് പുകഴ്‌പെറ്റ കേരളത്തിലെ ഉന്നത വിദ്യാഭ്യാസ മേഖല ഇന്ന് നാലാംകിട അധ്യാപകരുടെയും അഞ്ചാംകിട വൈസ് ചാന്‍സലര്‍മാരുടെയും ലാവണമായി. സർവകലാശാലകളില്‍ സമീപകാലത്തായി നിയമിക്കപ്പെട്ട സിപിഎം നേതാക്കളുടെ യോഗ്യത പരിശോധിച്ചാല്‍ ഉന്നത വിദ്യാഭ്യാസത്തിന്‍റെ കാര്യക്ഷമത കൂടുതല്‍ വ്യക്തമാകും. മുഖ്യമന്ത്രിയുടെ ഓഫിസിലെ ജീവനക്കാരന്‍റെ ഭാര്യയാണെന്ന പരിഗണന മാത്രം നല്‍കിയാണ് മലയാളം പോലും അറിയാത്ത വ്യക്തിയെ ലക്ഷങ്ങള്‍ പ്രതിഫലം നല്‍കി മലയാള മഹാ നിഘണ്ടുവിന്‍റെ മേധാവിയാക്കി നിയമിക്കുന്നത്.
പ്രിയ വര്‍ഗീസിനെതിരെ സുധാകരന്‍: മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ രാഗേഷിന്‍റെ ഭാര്യ പ്രിയ വര്‍ഗീസിനെ കണ്ണൂര്‍ സർവകലാശാലയില്‍ അസോസിയേറ്റ് പ്രൊഫസറായി നിയമിക്കുന്നതിന് റാങ്ക് ലിസ്റ്റില്‍ ഒന്നാമതെത്തിക്കാന്‍ വഴി വിട്ട ഇടപെടലുകളാണ് നടത്തിയത്. വൈസ് ചാന്‍സലര്‍ ഡോ. ഗോപിനാഥ് രവീന്ദ്രന്‍റെ അധ്യക്ഷതയിലുള്ള സെലക്ഷന്‍ കമ്മിറ്റി മുന്‍വിധിയോടെയാണ് ഇന്‍റര്‍വ്യൂ നടത്തിയതെന്ന ആക്ഷേപം വിവാദമാണ്.
റാങ്ക് പട്ടികയില്‍ ഒന്നാമതെത്തിയ പ്രിയ വര്‍ഗീസ് റിസര്‍ച്ച് സ്‌കോറില്‍ ഏറെ പുറകിലാണെന്ന വിവരാവകാശ രേഖ പുറത്തു വന്നിട്ടുണ്ട്. ഈ തസ്‌തികയിലേക്ക് എട്ട് വര്‍ഷത്തെ അധ്യാപന പരിചയം നിര്‍ബന്ധമാണെങ്കിലും പ്രിയ വര്‍ഗീസിന് ആ യോഗ്യതയില്ല. എന്നിട്ടും അവരെ ഇന്‍റര്‍വ്യൂവില്‍ പങ്കെടുപ്പിച്ച് ഒന്നാമതെത്തിച്ചത് യുജിസി ചട്ടങ്ങളെല്ലാം കാറ്റില്‍ പറത്തിയാണ്. ഇത് ശരിവയ്‌ക്കുന്ന നിലപാടാണ് വിസി സ്വീകരിക്കുന്നത്.