തിരുവനന്തപുരം: ഗവര്‍ണര്‍ ഡി. ലിറ്റ് വിഷയങ്ങളില്‍ ഭിന്ന സ്വരങ്ങളുയരുന്നതിനിടെ കെപിസിസി രാഷ്ട്രീയ കാര്യസമിതി യോഗം ചൊവ്വാഴ്‌ച (04.01.22) ചേരും. ഇന്ദിര ഭവനില്‍ പ്രസിഡന്‍റ് കെ സുധാകരന്‍റെ അധ്യക്ഷതയില്‍ രാവിലെ 10.30നാണ് യോഗം. കെ റെയില്‍ പദ്ധതിയുമായി ബന്ധപ്പെട്ട് സര്‍ക്കരിനെതിരെ സ്വീകരിക്കേണ്ട നിലപാടുകളും കെ റെയില്‍ വിരുദ്ധ പ്രക്ഷോഭങ്ങള്‍ക്ക് രൂപം നല്‍കുന്നതുമാകും യോഗത്തിലെ മുഖ്യ ചര്‍ച്ച വിഷയം.
യുഡിഎഫിന്‍റെ എതിര്‍പ്പ് തണുപ്പിക്കാനുള്ള തന്ത്രത്തിന്‍റെ ഭാഗമായാണ് മുഖ്യമന്ത്രി ചര്‍ച്ചയ്ക്ക് തയ്യാറായതെന്ന് കോണ്‍ഗ്രസ് കരുതുന്നു. പാരിസ്ഥിതികാഘാത പഠനമോ സാമൂഹികാഘാത പഠനമോ നടത്താതെ പദ്ധതി നടപ്പാക്കുക തന്നെ ചെയ്യും എന്നു പ്രഖ്യാപിച്ച ശേഷം ചര്‍ച്ച നടത്തുന്ന തന്ത്രത്തില്‍ വീഴേണ്ടതില്ലെന്നൊരു തീരുമാനം കോണ്‍ഗ്രസിനുണ്ട്.