തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പദ്ധതി മുന്‍നിര്‍ത്തി സര്‍ക്കാരിനെതിരെ പ്രതിപക്ഷം വിമോചന സമരത്തിന് കൈകോര്‍ക്കുന്നതായി സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. യു.ഡി.എഫും ബി.ജെ.പിയും ജമാ അത്തെ ഇസ്ലാമിയും ചേര്‍ന്നാണ് ഈ സമരത്തിന് മുന്നിട്ടിറങ്ങുന്നത്. ഈ 'പ്രതിലോമ' കൂട്ടുകെട്ടിനെ പരാജയപ്പെടുത്താന്‍ കേരള ജനത രംഗത്തിറങ്ങണമെന്ന് ദേശാഭിമാനി ദിനപത്രത്തിലെഴുതിയ പ്രതിവാര ലേഖനത്തില്‍ കോടിയേരി ആവശ്യപ്പെട്ടു.
പദ്ധതിയുടെ വിശദ പദ്ധതി രേഖ (ഡി.പി.ആര്‍) പുറത്തു വിടണമെന്നാണ് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ സംക്ഷിപ്ത റിപ്പോര്‍ട്ട് സര്‍ക്കാര്‍ പ്രസിദ്ധീകരിച്ചു. വിശദ പദ്ധതി രേഖ ആവശ്യപ്പെടുന്ന പ്രതിപക്ഷം അങ്ങനെയെങ്കില്‍ എന്തിനാണ് ആ രേഖ വരും മുന്‍പേ പദ്ധതിയെ തള്ളിപ്പറയുന്നതെന്ന് കോടിയേരി ചോദിക്കുന്നു.
ഹൈസ്പീഡ് റെയില്‍ പദ്ധതി പ്രഖ്യാപിച്ച യു.ഡി.എഫാണ് സെമി ഹൈസ്പീഡ് പാതയെ എതിര്‍ക്കുന്നത്. ഈ പദ്ധതി യാഥാര്‍ഥ്യമായാല്‍ യു.ഡി.എഫ്- ബി.ജെപി ബഹുജനാടിത്തറയില്‍ ചോര്‍ച്ചയുണ്ടാക്കുമെന്ന ആശങ്കയാണ് വി.ഡി.സതീശന്‍ ഉള്‍പ്പെടെയുള്ളവരെ സര്‍ക്കാര്‍ വിരുദ്ധ സമരത്തിന് പ്രേരിപ്പിക്കുന്നതെന്നും കോടിയേരി പറഞ്ഞു.