തിരുവനന്തപുരം: എൽഡിഎഫ് എതിർത്തത് യുഡിഎഫിന്‍റെ അഴിമതിയാണെന്നും കെഎം മാണിയെ അല്ലെന്നുമുള്ള സിപിഎമ്മിന്‍റെ വാദം ദുർബലമെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ. ഈ വാദം ഉന്നയിക്കുമ്പോൾ സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവന് ഉള്ളിൽ ചിരി വന്നിട്ടുണ്ടാവുമെന്ന് വി.ഡി സതീശൻ പരിഹസിച്ചു.
കെ.എം മാണിയെ ബജറ്റ് അവതരിപ്പിക്കാൻ അനുവദിക്കില്ലെന്നാണ് അന്ന് സിപിഎം നേതാക്കള്‍ പറഞ്ഞത്. മുഖ്യമന്ത്രിയായിരുന്ന ഉമ്മൻചാണ്ടി ബജറ്റ് അവതരിപ്പിക്കുന്നതിന് എതിർപ്പുണ്ടായിരുന്നില്ല. മറ്റ് മന്ത്രിമാരെയോ എംഎൽഎമാരെയൊ തടഞ്ഞിരുന്നില്ല.
കേരളത്തിലെ ഏറ്റവും വലിയ അഴിമതിക്കാരൻ കെ.എം മാണി ആണെന്നും ഏറ്റവും വലിയ അഴിമതി കുടുംബം അദ്ദേഹത്തിന്‍റേതാണെന്നുമാണ് സിപിഎമ്മിന്‍റെ ഉന്നതനേതാക്കൾ പറഞ്ഞത്. ജോസ് കെ മാണി ഇത് മറന്നുപോകരുതെന്നും വി.ഡി സതീശൻ പറഞ്ഞു.