തിരുവനന്തപുരം:ഇ. ശ്രീധരന്‍ മാധ്യമങ്ങളിലൂടെ നടത്തിയ വിമര്‍ശനങ്ങള്‍ക്കുള്ള മറുപടിയുമായി കിഫ്‌ബി രംഗത്ത്. സംസ്ഥാന സര്‍ക്കാരുമായി ചേര്‍ന്ന് പല പദ്ധതികളിലും പ്രവര്‍ത്തിച്ചിട്ടുള്ള ശ്രീധരന് ഇത്രനാളും ഇല്ലാതിരുന്ന കിഫ്ബി വിരുദ്ധത ഇപ്പോള്‍ എങ്ങനെ ഉണ്ടായി എന്നതിലാണ് അത്ഭുതമെന്ന് കിഫ്ബി പറയുന്നു. സംസ്ഥാനത്തെ കടക്കെണിയിലാക്കുന്ന തരത്തിലുള്ള കടമെടുക്കലാണ് കിഫ്ബി ചെയ്യുന്ന ഏറ്റവും വലിയ ദ്രോഹം എന്ന് പറയുന്ന ശ്രീധരന്‍ കൊങ്കണ്‍ റെയില്‍വേ, ഡല്‍ഹി മെട്രോ, കൊച്ചി മെട്രോ തുടങ്ങി അദ്ദേഹം നേതൃത്വം നല്‍കിയ പദ്ധതികളിലേതെങ്കിലും കടമെടുക്കാതെ പൂര്‍ത്തിയാക്കിയതാണോ എന്ന ചോദ്യം പ്രസക്തമാണെന്നും ഫേസ്‌ബുക്ക് കുറിപ്പില്‍ കിഫ്‌ബി ചോദിക്കുന്നു.
വന്‍തോതിലുള്ള നിക്ഷേപത്തിലൂടെ തന്നെയാണ് പൊതുജനാവശ്യത്തിനുള്ള അടിസ്ഥാനസൗകര്യങ്ങള്‍ കെട്ടിപ്പൊക്കുന്നത്. എന്‍എച്ച്എഐയ്ക്ക് കേന്ദ്രസര്‍ക്കാര്‍ നല്‍കാനുള്ള തുക 41,289.58 കോടി രൂപയാണ്. ശ്രീധരന്‍ നേതൃത്വം നല്‍കിയോ അല്ലെങ്കില്‍ വിദഗ്ധോപദേശം നല്‍കിയോ പൂര്‍ത്തിയാക്കിയ പദ്ധതികളുടെ കാര്യവും ഇതില്‍ നിന്ന് വിഭിന്നമല്ല. കൊങ്കണ്‍ റെയില്‍വേ കോര്‍പ്പറേഷന്‍റെ മൊത്തം സാമ്പത്തിക ബാധ്യത 3937.60 കോടി രൂപയാണ്. ഡല്‍ഹി മെട്രോയുടെ സാമ്പത്തിക ബാധ്യത 45,892.78 കോടി രൂപയാണ്. ലക്നൗ മെട്രോ റെയില്‍ കോര്‍പ്പറേഷന്‍റെ ആകെ ബാധ്യത 2019 മാര്‍ച്ച് വരെ 4908.17 കോടി രൂപയാണ്. കൊച്ചി മെട്രോയുടെ സാമ്പത്തിക ബാധ്യത 4158.80 കോടി രൂപയാണ്. ഇതൊന്നും കണ്ടില്ലെന്ന് നടിച്ച് കിഫ്ബിയെ ഒറ്റതിരിഞ്ഞ് ആക്രമിക്കുന്ന ശ്രീധരന്‍റെ നിലപാട് നിര്‍ഭാഗ്യകരമാണെന്നും കിഫ്ബി വ്യക്തമാക്കുന്നു.