കേരളം

kerala

ETV Bharat / city

കൊവിഡ് പ്രതിരോധത്തില്‍ രാജ്യത്തിനൊരു കേരള മാതൃക - കേന്ദ്ര ആരോഗ്യമന്ത്രാലയം കൊവിഡ്

ഉറച്ച നേതൃത്വവും ശാസ്‌ത്രീയ വീക്ഷണവും മികച്ച പൊതുജന പങ്കാളിത്തവുമാണ് രോഗ പ്രതിരോധത്തിന്‍റെ പ്രധാന ഘടകങ്ങളെന്ന് ഐ.എം.എ

Kerala example on covid  covid battle kerala  indian medical association praise kerala  ima on kerala covid news  ministry of health on covid  ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍  കൊവിഡ് കേരള മാതൃക  കേന്ദ്ര ആരോഗ്യമന്ത്രാലയം കൊവിഡ്  കൊവിഡ് പ്രതിരോധം
കൊവിഡ് പ്രതിരോധം

By

Published : Apr 22, 2020, 11:29 AM IST

Updated : Apr 22, 2020, 7:59 PM IST

തിരുവനന്തപുരം: കൊവിഡ് പ്രതിരോധത്തില്‍ രാജ്യത്തിന് മാതൃകയാണ് കേരളം. കേന്ദ്ര ആരോഗ്യമന്ത്രാലത്തിന്‍റെ കണക്കനുസരിച്ച് സംസ്ഥാനത്തില്‍ രോഗബാധിതരുടെ എണ്ണം ഇരട്ടിയാകാന്‍ 72.2 ദിവസമാണ് എടുക്കുന്നത്. ദേശീയ ശരാശരി 7.5 ദിവസമായിരിക്കെ കേരളം പലഘട്ടങ്ങളിലൂടെയാണ് ഈ നേട്ടം കൈവരിച്ചത്. ഉറച്ച നേതൃത്വവും ശാസ്‌ത്രീയ വീക്ഷണവും മികച്ച പൊതുജന പങ്കാളിത്തവുമാണ് രോഗ പ്രതിരോധത്തിന്‍റെ പ്രധാന ഘടകങ്ങളെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ വ്യക്തമാക്കുന്നു. കൊവിഡ് പ്രതിരോധത്തിന്‍റെ കേരള മാതൃകയെക്കുറിച്ച് ഐ.എം.എ ദേശീയ പ്രവര്‍ത്തക സമിതിയംഗവും ആരോഗ്യവിദഗ്‌ധനുമായ ഡോ. ശ്രീജിത്. എന്‍.കുമാര്‍ ഇടിവി ഭാരതിനോട് സംസാരിക്കുന്നു.

പ്രതിസന്ധിയുടെ കൊവിഡ് കാലം , കേരളം മറികടന്ന പല ഘട്ടങ്ങള്‍

കൊവിഡ് പ്രതിരോധത്തിന്‍റെ ഒന്നാംഘട്ടം എങ്ങനെയായിരുന്നു ?

ഇന്ത്യയില്‍ കേരളത്തിലാണ് ആദ്യ കൊവിഡ് പോസിറ്റീവ് കേസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. വുഹാനില്‍ നിന്നെത്തിയ മൂന്ന് വിദ്യാര്‍ഥികളില്‍ രോഗം കണ്ടെത്തിയപ്പോള്‍ തന്നെ സംസ്ഥാനം ജാഗ്രത പാലിച്ചു. വിദ്യാര്‍ഥികളില്‍ നിന്നും രോഗം മറ്റുള്ളവരിലേക്ക് പകരാതെ അവരെ മാറ്റിപാര്‍പ്പിക്കുന്നതിലും ചികിത്സ നല്‍കുന്നതിലും മികച്ച മാതൃകയാണ് കേരളത്തിലുണ്ടായത്.

രണ്ടാംഘട്ട പ്രതിരോധന പ്രവര്‍ത്തനത്തെ കുറിച്ച് വിശദീകരിക്കാമോ ?

പതര്‍ച്ചയോടെയായിരുന്നു കൊവിഡ് പ്രതിരോധത്തിന്‍റെ രണ്ടാംഘട്ടത്തിന് സംസ്ഥാനത്ത് തുടക്കമായത്. ഇറ്റലിയില്‍ നിന്നും കേരളത്തില്‍ എത്തിയവര്‍ രോഗവ്യാപനത്തിന്‍റെ വാഹകരായി. പിടിച്ചു നിര്‍ത്തിയെന്നു കരുതിയ വൈറസ് മറ്റുള്ളവരിലേക്ക് പടര്‍ന്നത് വളരെ പെട്ടെന്നായിരുന്നു. എന്നാല്‍ ലോകാരോഗ്യസംഘടന നിര്‍ദേശിച്ച രീതിയില്‍ രോഗികളുമായി ഇടപെട്ടവരെ കണ്ടെത്തുന്നതിലും ഇവരുടെ റൂട്ട് മാപ്പ് തയ്യാറാക്കുന്നതിലും മാതൃകാപരമായ ഇടപെടലാണ് ഉണ്ടായത്. ഇതിനിടയില്‍ വിദേശത്തു നിന്നും നാട്ടിലെത്തിയ മറ്റുള്ളവര്‍ക്കും രോഗം സ്ഥിരീകരിച്ചത് വെല്ലുവിളിയായി. ഒന്നര ലക്ഷം പേരാണ് ഈ ഘട്ടത്തില്‍ നിരീക്ഷണത്തിലായത്. എന്നാല്‍ തദ്ദേശീയ രോഗവ്യാപനത്തെ മികച്ച ഇടപെടലിലൂടെ ചെറുക്കാന്‍ കേരളത്തിനായി.

കേരളം കൊവിഡ് പ്രതിരോധത്തിന് മാതൃകയെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍

കേരളത്തിന്‍റെ മൂന്നാംഘട്ട പ്രവര്‍ത്തനം എങ്ങനെയാണ് ?

രാജ്യത്താകമാനം രോഗവ്യാപനത്തിന്‍റെ തോത് വര്‍ധിച്ച ഘട്ടമാണിത്. സമ്പര്‍ക്കത്തിലൂടെ രോഗം വ്യാപകമാകുന്ന സാഹചര്യത്തില്‍ രാജ്യം അടച്ചിടലിലേക്ക് നീങ്ങി. സമ്പൂര്‍ണ ലോക്ക് ഡൗണ്‍ വന്നതോടെ സമ്പര്‍ക്കം ഇല്ലാതാകുകയും രോഗം ഒരാളില്‍ നിന്നും മറ്റൊരാളിലേക്ക് പകരുന്നത് ഇല്ലാതാകുകയും ചെയ്‌തു. ഈ ഘട്ടത്തില്‍ ജനങ്ങളുടെ സഹകരണമാണ് എടുത്തു പറയേണ്ടത്. സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ ഭൂരിഭാഗം ജനങ്ങളും പാലിക്കാന്‍ തയ്യാറായത് രോഗവ്യാപന തോത് കുറക്കാനായി. ഇതോടെ പോസിറ്റീവ് കേസുകള്‍ കുറഞ്ഞു. രോഗ നിരക്കും നിരീക്ഷണത്തിലെത്തിയവരുടെ എണ്ണവും കുറഞ്ഞു. ജനങ്ങളുടെ സഹകരണത്തോടെ വിജയം കണ്ട ഘട്ടമാണിത്.

അവസാനിക്കരുത് പോരാട്ടം....

സംസ്ഥാനത്ത് കൊവിഡിനെ തുരത്താനുള്ള സെമിഫൈനലിന്‍റെ ഘട്ടം. ലോക്ക് ഡൗണില്‍ ഇളവ് വന്നതോടെ ദൈനംദിന ജോലികള്‍ ഭാഗികമായി ആരംഭിക്കുകയാണ്. രോഗപ്രതിരോധത്തിനുള്ള മാതൃകകള്‍ കര്‍ശനമായി പാലിക്കേണ്ട സെമിഫൈനലിലാണ് കേരളം. ഈ ഘട്ടത്തില്‍ അടിപതറിയാല്‍ തിരിച്ചടിയുണ്ടാകാന്‍ സാധ്യതയുണ്ട്. സാമൂഹിക അകലം നിര്‍ബന്ധമായും പാലിക്കണം . കൈകള്‍ സോപ്പ് ഉപയോഗിച്ച് ഇടക്കിടെ വ്യത്തിയാക്കണം. തുറന്നു പ്രവര്‍ത്തിക്കുന്ന ഓഫീസുകളില്‍ എ.സി മുറികള്‍ അടച്ചിടാതിരിക്കാന്‍ ശ്രദ്ധിക്കണം. വായു സഞ്ചാരമുണ്ടാകുന്നവിധം മുറികള്‍ തുറന്നിടണം. വീടും ഓഫീസ് പരിസരവുമെല്ലാം ബ്ലീച്ചിങ് ലായനി ഉപയോഗിച്ച് വൃത്തിയാക്കണം. കൃത്യമായ രീതിയില്‍ മാസ്‌ക്ക് ഉപയോഗിക്കണം. മുന്‍കരുതലുകള്‍ കൃത്യമായി പാലിച്ചാല്‍ ഫൈനലില്‍ കേരളത്തിന് വിജയം സുനിശ്ചിതം.

മുന്‍കരുതലാണ് കൊവിഡിനുള്ള മികച്ച ചികിത്സ ?

രോഗ ലക്ഷണങ്ങളില്ലാതെയാണ് 85 % കൊവിഡ് കേസുകളും റിപ്പോര്‍ട്ടു ചെയ്യുന്നത്. സാധാരണ ജലദോഷ പനിയുടെ രൂപത്തിലാകും രോഗം പ്രകടമാകുക. രോഗം തീവ്രമാകുന്നവര്‍ക്കാണ് വൈറസ് ചികിത്സ നല്‍കുന്നത്. നിലവില്‍ കൊവിഡ് പ്രതിരോധത്തിന് പലതരത്തിലുള്ള മരുന്നുകളും പരീക്ഷണവും നടക്കുന്നുണ്ട്. എന്നാല്‍ ഇതിനെല്ലാം ഭാഗിക ഗുണങ്ങളേയുള്ളൂവെന്നാണ് വിലയിരുത്തല്‍. വാക്‌സിനാണ് കൊവിഡിനെ പ്രതിരോധിക്കുന്നതിനുള്ള ഏറ്റവും ഫലപ്രദമായ മാര്‍ഗം എന്നാല്‍ ഇതുവരെ വാക്‌സിന്‍ കണ്ടെത്തിയിട്ടില്ലാത്തതിനാല്‍ രോഗം വരാതെ മുന്‍കരുതലുകള്‍ സ്വീകരിക്കുക മാത്രമാണ് ഏകവഴി.

Last Updated : Apr 22, 2020, 7:59 PM IST

ABOUT THE AUTHOR

...view details