തിരുവനന്തപുരം : പുഞ്ചക്കരി സ്വദേശി സുധയുടെയും ചെറുമക്കളായ അഭിജിത്തിന്‍റെയും അമൃതയുടെയും ദുരിതജീവിതം കനിവുള്ളവരുടെ ഉള്ളുലയ്ക്കുന്നതാണ്. മത്സ്യത്തൊഴിലാളിയായ സുധ ഏറെ കഷ്‌ടപ്പെട്ടാണ് മക്കളുടെ ദൈനംദിന ആവശ്യങ്ങള്‍ക്കുള്ള പണം കണ്ടെത്തുന്നത്.
അതിജീവനത്തിനായുള്ള ഇവരുടെ പ്രയാസപ്പെടല്‍ ഇടിവി ഭാരത് ദൃശ്യവല്‍ക്കരിച്ചതോടെ പല ഭാഗത്തുനിന്നും ഇവര്‍ക്ക് സഹായങ്ങളെത്തിയിരുന്നു. ഏറ്റവുമൊടുവില്‍ ഇടിവി ഭാരത് വാര്‍ത്ത കേരള പൊലീസും ഏറ്റെടുത്തിരിക്കുന്നു.
വലുതാകുമ്പോള്‍ പൊലീസ് ആകണമെന്ന അഭിജിത്തിന്‍റെ ആഗ്രഹത്തിന് ഫേസ്ബുക്ക് പേജിലൂടെ ആശംസകള്‍ നേര്‍ന്നിരിക്കുകയാണ് കേരള പൊലീസ്. ഇടിവി ഭാരതിന്‍റെ വാര്‍ത്താവീഡിയോ ഫേസ്ബുക്കില്‍ പങ്കുവച്ചാണ് കുറിപ്പ്.
'കഠിനാധ്വാനവും അർപ്പണബോധവും ലക്ഷ്യത്തിലെത്തിക്കും. കാക്കി അണിയാൻ അഭിജിത്തിന് കഴിയട്ടെ. ആശംസകൾ'. പിന്നാലെ കമന്‍റുകളിലും ആശംസകള്‍ നിറഞ്ഞു.
Read More:ഒരു പാട് പട്ടിണി കിടന്നു, ഇനി പഠിക്കണം.. ജീവിക്കണം.. മൂന്ന് ജീവനുകൾക്ക് പറയാനുള്ളത്
അതിജീവനത്തിനായുള്ള മൂന്ന് ജീവനുകളുടെ പെടാപ്പാടിന്‍റെ കഥ ജൂൺ 29നാണ് ഇടിവി ഭാരത് പുറത്തുവിട്ടത്. അച്ഛനും അമ്മയും ഉപേക്ഷിച്ചുപോയിട്ടും തന്‍റെ ചെറുമക്കളെ ചേര്‍ത്തുപിടിച്ച് മുന്നോട്ടുപോകുന്ന സുധയുടെയും, അമ്മൂമ്മയെ അമ്മയായി കണ്ട് സ്നേഹിക്കുന്ന അഭിജിത്തിന്‍റെയും അമൃതയുടെയും കഥ കരളലയിക്കുന്നതാണ്. വാർത്ത വന്നതിന് പിന്നാലെ ഇവര്‍ക്ക് ഏറെ സഹായങ്ങളെത്തി.
also read:മനുഷ്യത്വം മരവിച്ചിട്ടില്ല, ഇടിവി വാർത്തയ്ക്ക് പിന്നാലെ ഈ അമ്മയ്ക്കും മക്കൾക്കും സഹായം
കുട്ടികൾക്ക് പഠിക്കാൻ പുസ്തകങ്ങളും ധരിക്കാൻ വസ്ത്രങ്ങളും നിരവധി പേർ എത്തിച്ചുനൽകി. ഓണ്‍ലൈൻ പഠനത്തിനായി മൊബൈൽ ഫോണ്‍ കൗണ്‍സിലർ നൽകി. ഒപ്പം ഭൂമി കണ്ടെത്തി ലൈഫ് മിഷനിലൂടെ വീട് വച്ച് നല്‍കാനും നടപടികള്‍ പുരോഗമിക്കുകയാണ്.
also read:മൂന്ന് ജീവനുകൾക്ക് വീടൊരുങ്ങും, ആ വാർത്തയാണ് എല്ലാം; ഇടിവി ഭാരത് ബിഗ് ഇംപാക്‌ട്
മൂന്നുപേരേയും ഏറ്റെടുക്കാമെന്നും വീട് വച്ച് നൽകാമെന്നും പറഞ്ഞുള്ള വിളികൾ എറണാകുളത്തും കണ്ണൂരില്‍ നിന്നുമെത്തിയെങ്കിലും ജനിച്ചുവളർന്ന നാടുവിട്ട് പോകാൻ മനസ് വരാത്ത സുധ സ്നേഹത്തോടെ അത് നിരസിക്കുകയായിരുന്നു.
എല്ലാ ദുരിതങ്ങള്‍ക്കുമൊടുവില്‍ സ്വന്തം നാട്ടില്‍ വീടെന്ന സ്വപ്‌നം യാഥാർഥ്യമാകാൻ പോകുന്നതിന്‍റെ സന്തോഷത്തിലാണ് സുധയും അഭിജിത്തും അമൃതയും.