തിരുവനന്തപുരം: സില്‍വര്‍ലൈന്‍ കല്ലിടല്‍ നടപടി താത്കാലികമായി നിര്‍ത്തിവച്ചെങ്കിലും പ്രചാരണവുമായി മുന്നോട്ടുപോകാന്‍ ഒരുങ്ങി സര്‍ക്കാര്‍. 'സില്‍വര്‍ലൈന്‍ അറിയേണ്ടതെല്ലാം' എന്ന പേരില്‍ 5 ലക്ഷം ഹാന്‍ഡ്ബുക്കുകള്‍ കൂടി അച്ചടിക്കാന്‍ തീരുമാനം. ഇതിനായി ഏഴര ലക്ഷം രൂപ അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി.
തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന ശേഷം സില്‍വര്‍ലൈന്‍ കല്ലിടല്‍ നടപടികള്‍ താത്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്. കല്ലിടല്‍ നിര്‍ത്തിയെങ്കിലും സില്‍വര്‍ലൈന്‍ പ്രചാരണം തൃക്കാക്കര മണ്ഡലത്തിലടക്കം വ്യാപകമായി നടത്താനാണ് സര്‍ക്കാര്‍ നീക്കം. ഇതിനുവേണ്ടി 'സില്‍വര്‍ലൈന്‍ അറിയേണ്ടതല്ലാം' എന്ന പേരില്‍ അഞ്ച് ലക്ഷം ഹാന്‍ഡ്ബുക്കുകള്‍ ഉടന്‍ അച്ചടിച്ചിറക്കും.
ഹാന്‍ഡ്ബുക്ക് അച്ചടിക്കാന്‍ തുക അനുവദിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവ് Also read: ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപനത്തോടെ കെ-റെയില്‍ കല്ലിടല്‍ നിര്‍ത്തി; നിര്‍ത്തിയിട്ടില്ലെന്ന് ഔദ്യോഗിക വിശദീകരണം
ഹാന്‍ഡ്ബുക്കുകള്‍ സര്‍ക്കാര്‍ പ്രസില്‍ കവര്‍ പേജ് സിആപ്റ്റിലും അച്ചടിക്കും. ഇതിനായി ഏഴര ലക്ഷം രൂപ അനുവദിച്ച് ഉത്തരവായി. നേരത്തെ മൂന്നരക്കോടി ചിലവില്‍ 50 ലക്ഷം കോപ്പികള്‍ അച്ചടിക്കാന്‍ തീരുമാനിച്ചിരുന്നു.
ഉപതെരഞ്ഞടുപ്പ് കണക്കിലെടുത്താണ് കൂടുതല്‍ കോപ്പികള്‍ വിതരണത്തിനായി സജ്ജമാക്കുന്നതെന്നാണ് വിവരം. കല്ലിടല്‍ നടപടി നിര്‍ത്തിവച്ചത് തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാകാമെന്ന ആക്ഷേപം ഇതിനകം പ്രതിപക്ഷം ഉന്നയിക്കുന്നുണ്ട്. സില്‍വര്‍ലൈനെതിരായ പ്രചാരണം തൃക്കാക്കരയില്‍ യുഡിഎഫും ബിജെപിയും സജീവമാക്കുമ്പോള്‍ സില്‍വര്‍ലൈനും സര്‍ക്കാര്‍ വികസനവും ചൂണ്ടിക്കാട്ടി തന്നെയാകും എല്‍ഡിഎഫ് തെരഞ്ഞടുപ്പിനെ നേരിടുക.