തിരുവനന്തപുരം: കൊവിഡ് സൃഷ്‌ടിച്ച ദുരിതത്തിനിടയില്‍ കൈത്താങ്ങുമായി സംസ്ഥാന സര്‍ക്കാര്‍. എല്ലാ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്കുമുള്ള സൗജന്യ ഓണക്കിറ്റ് വിതരണം ആരംഭിച്ചു. തിരുവനന്തപുരം ഇടപ്പഴഞ്ഞിയിലെ റേഷൻ കടയിൽ കിറ്റ് വിതരണം ചെയ്‌ത് ഭക്ഷ്യമന്ത്രി ജി.ആർ അനിൽ ഉദ്ഘാടനം ചെയ്‌തു.
പഞ്ചസാര മുതല്‍ പായസം വരെ
പഞ്ചസാര, വെളിച്ചെണ്ണ, ചെറുപയർ, തുവരപ്പരിപ്പ്, തേയില, മുളകുപൊടി, മഞ്ഞൾ, 180 ഗ്രാം വീതം പാലട, സേമിയ, ഉണക്കലരി, കശുവണ്ടിപ്പരിപ്പ്, ഏലക്ക, നെയ്യ്, ശർക്കരവരട്ടി/ഉപ്പേരി എന്നിവ ഉൾപ്പെടെ 16 ഇനം ഭക്ഷ്യ വിഭവങ്ങളാണ് കിറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്.
മഞ്ഞ റേഷൻ കാർഡ് ഉടമകൾക്കാണ് ആദ്യ ഘട്ടത്തിൽ കിറ്റ് വിതരണം. എല്ലാ വിഭാഗം കാർഡ് ഉടമകൾക്കും കിറ്റ് ലഭിക്കും.
സൗജന്യ ഓണക്കിറ്റ് വിതരണം ആരംഭിച്ചു 'കിറ്റ് വലിയ ആശ്വാസം'
ഗുണമേന്മയുള്ള ഉല്‍പ്പന്നങ്ങളാണ് നൽകുന്നതെന്ന് മന്ത്രി ജി.ആർ അനിൽ പറഞ്ഞു. സൗജന്യമായി കൊടുക്കുന്നത് കൊണ്ട് എന്ത് സാധനവും കൊടുക്കാമെന്ന നിലപാട് സർക്കാരിനില്ല.
അതേസമയം സപ്ലൈകോ വിതരണം ചെയ്യുന്ന എല്ലാ സാധനങ്ങളും പരിപൂർണമായും ഗുണമേന്മയുള്ളതാണെന്ന അവകാശവാദം ഉന്നയിക്കുന്നില്ല. അത്തരം സാഹചര്യം ഒഴിവാക്കി ഗുണമേന്മയുള്ള ഉല്‍പ്പന്നങ്ങള്‍ ജനങ്ങള്‍ക്ക് നല്‍കാനുള്ള ശ്രമത്തിലാണെന്നും മന്ത്രി പറഞ്ഞു.
വലിയ സന്തോഷമുണ്ടെന്നും ഈ സമയത്ത് കിറ്റ് കിട്ടിയത് ആശ്വാസമായെന്നും ഉപഭോക്താക്കൾ പറഞ്ഞു. അടുത്ത മാസം 16 വരെയാണ് കിറ്റ് വിതരണം.
Read more: ഓണത്തിന് എല്ലാർക്കും സ്‌പെഷ്യല്‍ കിറ്റ് ; റേഷൻ ജീവനക്കാർക്ക് കൊവിഡ് ഇൻഷുറൻസ്