കേരളം

kerala

ETV Bharat / city

കൊവിഡ് വ്യാപനം രൂക്ഷം; സംസ്ഥാനത്ത് നിയന്ത്രണം കടുപ്പിച്ച് സർക്കാർ

വാരാന്ത്യ നിയന്ത്രണങ്ങള്‍ ഉണ്ടാകില്ല. വിവാഹം, മരണാനന്തര ചടങ്ങുകള്‍ക്ക് 50 പേർ മാത്രം

kerala covid restrictions  covid latest news  government cabinet decisions  കൊവിഡ് വ്യാപനം രൂക്ഷം  നിയന്ത്രണങ്ങള്‍ കടുപ്പിച്ച് സർക്കാർ  സംസ്ഥാനത്തെ കൊവിഡ് നിയന്ത്രണങ്ങള്‍
നിയന്ത്രണങ്ങള്‍ കടുപ്പിച്ച് സർക്കാർ

By

Published : Jan 14, 2022, 5:40 PM IST

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഉയര്‍ന്ന ജില്ലകളില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കാന്‍ അവലോകന യോഗത്തില്‍ തീരുമാനം. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20 ല്‍ കൂടുതലുള്ള ജില്ലകളില്‍ സാമൂഹ്യ, സാംസ്‌കാരിക, സാമുദായിക പരിപാടികള്‍ക്ക് 50 പേര്‍ക്ക് മാത്രമേ പങ്കെടുക്കാന്‍ അനുവാദമുള്ളു. വിവാഹം, മരണാനന്തര ചടങ്ങുകള്‍ക്ക് ഇതേ നിയന്ത്രണം നിലനില്‍ക്കുന്നുണ്ട്.

കൂടുതല്‍ പേര്‍ പങ്കെടുക്കേണ്ട നിര്‍ബന്ധിത സാഹചര്യങ്ങളില്‍ പ്രത്യേക അനുവാദം വാങ്ങണം. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 30ല്‍ കൂടുതല്‍ വന്നാല്‍ പൊതുപരിപാടികള്‍ നടത്താന്‍ അനുവദിക്കില്ല. എല്ലാ വ്യാപാര സ്ഥാപനങ്ങളും ഓണ്‍ലൈന്‍ ബുക്കിങ്ങും വില്‍പ്പനയും പ്രോത്സാഹിപ്പിക്കണം.

മാളുകളില്‍ ജനത്തിരക്ക് ഉണ്ടാകാത്ത രീതിയില്‍ 25 സ്‌ക്വയര്‍ ഫീറ്റിന് ഒരാളെന്ന നിലയില്‍ പ്രവേശനം നിശ്ചയിക്കണം. ഈ നിയന്ത്രണം അനുസരിച്ച് മാത്രമേ ആളുകളെ പ്രവേശിപ്പിക്കാവു. ഇക്കാര്യം ജില്ലാ ഭരണ കൂടം ഉറപ്പു വരുത്തണം.

കൊവിഡ് വ്യാപനം വര്‍ദ്ധിച്ച സാഹചര്യത്തില്‍ ശബരിമലയില്‍ ജനുവരി 16 മുതല്‍ ഓണ്‍ലൈന്‍ ബുക്കിംഗ് ചെയ്‌തവര്‍ക്ക് സന്ദര്‍ശനം മാറ്റി വയ്ക്കാന്‍ അഭ്യര്‍ഥിച്ച് സന്ദേശം അയക്കാൻ ദേവസ്വം വകുപ്പിന് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി. 16ന് ശേഷം ശബരിമലയില്‍ പ്രവേശനം എത്രപേര്‍ക്ക് അനുവദിക്കണം എന്നത് ചര്‍ച്ച ചെയ്‌ത് തീരുമാനിക്കും.

ALSO READ കൊവിഡ് വ്യാപനം; സംസ്ഥാനത്തെ സ്‌കൂളുകള്‍ വീണ്ടും അടയ്ക്കും

സര്‍ക്കാര്‍ ഓഫീസുകളില്‍ ജോലി ചെയ്യുന്ന ഗര്‍ഭിണികള്‍ക്ക് വര്‍ക്ക് ഫ്രം ഹോം സംവിധാനം അനുവദിക്കാനും അവലോകന യോഗം നിര്‍ദ്ദേശം നല്‍കി. സംസ്ഥാനത്ത് തിരുവനന്തപുരം, എറണാകുളം ജില്ലകളിലാണ് കൊവിഡ് വ്യാപനം ഏറ്റവും രൂക്ഷമെന്നാണ് യോഗത്തിന്‍റെ വിലയിരുത്തല്‍. ഈ ജില്ലകളില്‍ പ്രത്യേക നിരീക്ഷണം ഏര്‍പ്പെടുത്തും.

കൊവിഡ് ക്ലസ്റ്ററുകള്‍ കണ്ടെത്തി ആവശ്യമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ജില്ലാ കളക്‌ടര്‍മാര്‍ക്ക് നിര്‍ദ്ദേശം നല്‍കി. കൊവിഡുമായി ബന്ധപ്പെട്ട ഡാറ്റാ കൊവിഡ് ജാഗ്രതാ പോര്‍ട്ടലിലൂടെ ആരോഗ്യ വകുപ്പ്, പൊലീസ്, തദ്ദേശ സ്വയംഭരണം, റവന്യൂ തുടങ്ങി ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് ലഭ്യമാക്കും. 10, 11, 12 ക്ലാസുകളിലെ കുട്ടികള്‍ക്ക് വാക്‌സിന്‍ സ്‌കൂളില്‍ പോയി കൊടുക്കാന്‍ ആരോഗ്യ, വിദ്യാഭ്യാസ വകുപ്പുകള്‍ ഏകോപിച്ച് മുന്‍കൈയെടുക്കണം.

ഒമിക്രോണ്‍ വ്യാപിക്കുന്ന സാഹചര്യത്തില്‍ ആരോഗ്യ വകുപ്പിന്റെ മുന്‍കരുതല്‍ യോഗം വിലയിരുത്തി. വാര്‍ഡ് തല സമിതികളുടെ സഹകരണം പ്രതിരോധ പ്രവര്‍ത്തനത്തിന് ഉറപ്പാക്കാനും മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗം തീരുമാനിച്ചു.

ALSO READ ബാലചന്ദ്രകുമാറിന്‍റെ മൊഴി പരിശോധിക്കണമെന്ന് ഹൈക്കോടതി; ദിലീപിന്‍റെ ജാമ്യാപേക്ഷ ചൊവ്വാഴ്ച പരിഗണിക്കും

ABOUT THE AUTHOR

...view details