തിരുവനന്തപുരം: പോപ്പുലർ ഫ്രണ്ട് പ്രവർത്തകർക്ക് പരിശീലനം നൽകിയ സംഭവത്തിൽ അഞ്ച് ഫയർഫോഴ്‌സ് ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് ശിപാർശ. ആർഎഫ്ഒ, ജില്ല ഫയർ ഓഫിസർ, പരിശീലനം നൽകിയ മൂന്ന് ഉദ്യോഗസ്ഥർ എന്നിവർക്കെതിരെ നടപടിക്ക് ശിപാർശ ചെയ്‌ത് ഫയർഫോഴ്‌സ് മേധാവി ബി സന്ധ്യ ആഭ്യന്തര വകുപ്പിന് റിപ്പോർട്ട് നൽകി. സംഭവത്തിൽ ഗുരുതരമായ വീഴ്‌ച സംഭവിച്ചുവെന്നാണ് വിലയിരുത്തൽ.
ആലുവയിൽ പോപ്പുലർ ഫ്രണ്ടിൻ്റെ റെസ്ക്യൂ ആൻഡ് റിലീഫ് എന്ന ഉപസംഘടനയുടെ സംസ്ഥാനതല ഉദ്ഘാടന ചടങ്ങിൽ ബുധനാഴ്‌ചയാണ് വേദിയിൽ വച്ച് പ്രവർത്തകർക്ക് ഫയർഫോഴ്‌സ് പരിശീലനം നൽകിയത്. അപകടത്തിൽപ്പെട്ടവരെ രക്ഷപ്പെടുത്താനുള്ള ഉപായങ്ങൾ, അതിനുള്ള ഉപകരണങ്ങൾ പ്രയോഗിക്കുന്ന രീതി എന്നിവയിലായിരുന്നു പരിശീലനം. സംഭവം ചട്ടവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ബിജെപി ഉള്‍പ്പെടെ രംഗത്ത് വന്നതിന് പിന്നാലെയാണ് അന്വേഷണത്തിന് ഫയർഫോഴ്‌സ് മേധാവി ഉത്തരവിട്ടത്.