സംസ്ഥാനത്ത് 339 പേര്‍ക്ക് കൂടി കൊവിഡ്
17:37 July 09
133 പേര്‍ക്ക് രോഗം ബാധിച്ചത് സമ്പര്‍ക്കത്തിലൂടെ.
തിരുവനന്തപുരം: സംസ്ഥാനത്ത് തുടര്‍ച്ചയായ രണ്ടാം ദിവസവും കൊവിഡ് രോഗികളുടെ എണ്ണം മുന്നൂറ് കടന്നു. 339 പേര്‍ക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇതില്‍ ഏഴ് പേരുടെ രോഗ ഉറവിടം കണ്ടെത്താനായിട്ടില്ല. ഇന്നലെ 301 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചവരുടെ എണ്ണം ആദ്യമായി നൂറ് കടന്നു. 133 സമ്പര്‍ക്ക രോഗബാധിതരാണ് സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്‌തിരിക്കുന്നത്. 149 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 6534 ആയി. ഇതില്‍ 2795 പേര്‍ ചികിത്സയിലാണ്. സംസ്ഥാനത്ത് സ്ഥിതി ആശങ്കാജനകമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. പൂന്തുറയിലേതിന് സമാനമായി സംസ്ഥാനത്തെ മറ്റ് നഗരങ്ങളിലും സൂപ്പര്‍ സ്പ്രെഡിന് സാധ്യതയുണ്ട്. അതിനാല്‍ സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ ജനങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
രോഗം സ്ഥിരീകരിച്ചവരില്‍ 117 പേര്‍ വിദേശത്തുനിന്നും 74 ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. തിരുവനന്തപുരം (95), മലപ്പുറം (55), പാലക്കാട് (50), തൃശൂര്‍ (27), ആലപ്പുഴ (22), ഇടുക്കി (20), എറണാകുളം (12), കാസര്‍കോട് (11), കൊല്ലം (10), കോഴിക്കോട് (8), കോട്ടയം (7), വയനാട് (7), പത്തനംതിട്ട (7), കണ്ണൂര്‍ (8) എന്നിവിടങ്ങളിലാണ് രോഗം റിപ്പോര്‍ട്ട് ചെയ്‌തിരിക്കുന്നത്. തിരുവനന്തപുരം (9), കൊല്ലം (10), പത്തനംതിട്ട (7), ആലപ്പുഴ (7), കോട്ടയം (8), ഇടുക്കി (8), കണ്ണൂര്‍ (16), എറണാകുളം (15), തൃശൂര്‍ (29), പാലക്കാട് (17), മലപ്പുറം (6), കോഴിക്കോട് (1), വയനാട് (3), കാസര്‍കോട് (13) എന്നിവിടങ്ങളിലാണ് രോഗമുക്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ 12592 സാമ്പിളുകള്‍ പരിശോധിച്ചു. 185960 പേരാണ് സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളത്. ഇതില്‍ 3261പേര്‍ ആശുപത്രികളിലാണ്. 471 പേരെ ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആകെ 220677 സാമ്പിളുകളാണ് പരിശോധനക്കയച്ചത്. ഇതില്‍ 4884 സാമ്പിളുകളുടെ ഫലം വരാനുണ്ട്. സംസ്ഥാനത്തെ ഹോട്ട് സ്‌പോട്ടുകളുടെ എണ്ണം 181 ആയി.