തിരുവനന്തപുരം:കഴക്കൂട്ടത്തെ തോൽവിക്ക് പിന്നാലെ ബിജെപിയിൽ പോര്. പാർട്ടി വോട്ടുകൾ ചോർന്നത് മുരളീധര പക്ഷത്തിന്‍റെ ഇടപെടൽ മൂലമെന്ന ആരോപണവുമായി ശോഭ സുരേന്ദ്രൻ പക്ഷം രംഗത്തെത്തി. വിജയിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന മണ്ഡലത്തിൽ തോറ്റതിന് പുറമെ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വി.മുരളീധരൻ നേടിയതിനേക്കാൾ 2500 ഓളം വോട്ടുകൾ കുറഞ്ഞു. ഈ വോട്ടുകൾ ചോർത്തിയതിന് പിന്നിൽ കേന്ദ്രമന്ത്രി വി.മുരളീധരന്‍റെ അടുപ്പക്കാരാണെന്നാണ് ശോഭ പക്ഷത്തിന്‍റെ ആരോപണം.
കൂടുതല്‍ വാര്‍ത്തകള്‍ക്ക്:തിരുവനന്തപുരത്ത് ബിജെപിയുടേയും കോണ്‍ഗ്രസിന്‍റെയും വോട്ട് വിഹിതത്തില്‍ ഇടിവ്
അതിനിടെ ശോഭ സുരേന്ദ്രന്‍റെ ഉപയോഗിക്കാത്ത പ്രചാരണ നോട്ടീസുകളും പോസ്റ്ററുകളും കണ്ടെത്തി. വി. മുരളീധരനുമായി അടുപ്പമുള്ള ഒരു പ്രാദേശിക നേതാവിന്‍റെ കുമാരപുരത്തുള്ള വീടിന്‍റെ പരിസരത്ത് നിന്നാണ് ഇവ കണ്ടെത്തിയത്. ഇതും വോട്ട് ചോർത്തിയതിന്‍റെ തെളിവായി ശോഭ സുരേന്ദ്രൻ പക്ഷം ചൂണ്ടിക്കാണിക്കുന്നു.
കൂടുതല്‍ വായനയ്‌ക്ക്:കേരളത്തിൽ തകർന്നടിഞ്ഞ് ബിജെപി
2016ലെ തെരഞ്ഞെടുപ്പിൽ മത്സരിച്ചപ്പോൾ വി.മുരളീധരന് 42,732 വോട്ടുകൾ ലഭിച്ചെങ്കിൽ ഇത്തവണ ശോഭ സുരേന്ദ്രന് 40,193 വോട്ടുകൾ മാത്രമാണ് കിട്ടിയത്. പാർട്ടിയുമായി അകന്നു നിന്നിരുന്ന ശോഭ സുരേന്ദ്രനെ സ്ഥാനാർഥിയാക്കുന്നതിനെതിരെ ശക്തമായ എതിർപ്പ് ഉയർന്നിരുന്നു. ഇത് മറികടന്നാണ് ശോഭയെ കഴക്കൂട്ടത്ത് സ്ഥാനാർഥിയാക്കിയത്. പ്രചാരണത്തിന് പ്രമുഖ നേതാക്കൾ ഉൾപ്പടെ സജീവമാകാതിരുന്നതും ശ്രദ്ധിക്കപ്പെട്ടിരുന്നു.