തിരുവനന്തപുരം:കളിയിക്കാവിള എഎസ്ഐ വില്‍സണിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതികളെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്‌തു. കേസിലെ മുഖ്യപ്രതികളായ അബ്ദുല്‍ ഷമീം, തൗഫീഖ് എന്നിവരെയാണ് കുഴിത്തുറ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്‌തത്. രാത്രി ഒമ്പതരയോടെ വന്‍ പൊലീസ് സന്നാഹത്തോടെയാണ് പ്രതികളെ മജിസ്ട്രേറ്റിന്‍റെ വീട്ടില്‍ ഹാജരാക്കിയത്. പ്രതികള്‍ക്കായി തിരുനെല്‍വേലിയില്‍ നിന്നും ഹാജരാകാനെത്തിയ അഡ്വ. അബ്ദുല്‍ നിസാം, അഡ്വ.അദ്‌മൽ ഹസാലി, അഡ്വ. ഇബ്രാഹീം ബാദ്ഷാ എന്നിവരെ നാട്ടുകാര്‍ കോടതിക്ക് പുറത്ത് തടഞ്ഞത് നേരിയ സംഘര്‍ഷത്തിനിടയാക്കി.
കളിയിക്കാവിള കൊലക്കേസ് പ്രതികളെ റിമാന്‍ഡ് ചെയ്‌തു
പ്രതികൾ കുറ്റം സമ്മതിച്ചതായാണ് പൊലീസ് നല്‍കുന്ന വിവരം. സംഘാംഗങ്ങളെ അറസ്റ്റ് ചെയ്തതിലുള്ള പ്രതികാരമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും പ്രതികള്‍ പറഞ്ഞതായി പൊലീസ്.
പ്രതികൾ കുറ്റം സമ്മതിച്ചതായാണ് പൊലീസ് നല്‍കുന്ന വിവരം. സംഘാംഗങ്ങളെ അറസ്റ്റ് ചെയ്തതിലുള്ള പ്രതികാരമായാണ് എഎസ്ഐ വിൽസണിനെ കൊലപ്പെടുത്തിയതെന്ന് പ്രതികൾ സമ്മതിച്ചതായി പൊലീസ് പറഞ്ഞു. പ്രതികളെ പാളയംകോട്ട സെൻട്രൽ ജയിലിലേക്ക് മാറ്റി. ഇരുപതാം തിയതി വീണ്ടും കോടതിയില്‍ ഹാജരാക്കും. പ്രതികളെ തിങ്കളാഴ്‌ചയോടെ കസ്റ്റഡിയിലെടുത്ത് തെളിവെടുപ്പ് നടത്താനാണ് പൊലീസിന്‍റെ തീരുമാനം. പ്രതികളുടെ ഐഎസ് ബന്ധത്തെ കുറിച്ചും പൊലീസും അന്വേഷിക്കും. അതേസമയം പ്രതികള്‍ കൊലപാതകത്തിന് ഉപയോഗിച്ച് തോക്ക് ഇതുവരെ കണ്ടെത്താനായില്ല. ജനുവരി എട്ടിനാണ് കേസിനാസ്‌പദമായ സംഭവം നടന്നത്.