തിരുവനന്തപുരം: കെ. ശ്രീകുമാർ തിരുവനന്തപുരം മേയറായി ചുമതലയേറ്റു. യു.ഡി.എഫ്. വിട്ടുനിന്ന രണ്ടാംഘട്ട വോട്ടെടുപ്പിൽ ബി.ജെ.പി സ്ഥാനാർഥി എം.ആർ ഗോപനെ 35നെതിരെ 42 വോട്ടുകൾക്ക് തോൽപ്പിച്ചാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി കെ. ശ്രീകുമാർ തെരഞ്ഞെടുക്കപ്പെട്ടത്. കൗൺസിലിന്‍റെ ശേഷിക്കുന്ന ഒരു വർഷം കോര്‍പ്പറേഷന്‍റെ സമഗ്രവികസനമാണ് ലക്ഷ്യമെന്ന് കെ. ശ്രീകുമാർ പറഞ്ഞു.
രാവിലെ പതിനൊന്നിനാണ് തെരഞ്ഞെടുപ്പ് നടപടികൾ ആരംഭിച്ചത്. നൂറംഗ കൗൺസിലിൽ 43 എൽ.ഡി.എഫ് അംഗങ്ങളാണ് ഉള്ളത്. ഇതിൽ മുൻമേയർ വി.കെ. പ്രശാന്ത് പ്രതിനിധീകരിച്ചിരുന്ന കഴക്കൂട്ടം വാർഡ് ഒഴിഞ്ഞു കിടക്കുകയാണ്. ആദ്യഘട്ട വോട്ടെടുപ്പിൽ എൽ.ഡി.എഫ്-42, ബി.ജെ.പി-34, യു.ഡി.എഫ്-20 എന്ന നിലയിലായിരുന്നു ഫലം. ബി.ജെ.പിക്കും യു.ഡി.എഫിനും ലഭിച്ച ആകെ വോട്ടുകൾ എൽ.ഡി.എഫിന് ലഭിച്ചതിനേക്കാൾ കൂടുതലായതിനാൽ കുറഞ്ഞ വോട്ട് ലഭിച്ച യു.ഡി.എഫ് സ്ഥാനാർഥിയെ ഒഴിവാക്കി രണ്ടാംഘട്ട വോട്ടെടുപ്പ് നടത്തി.