തിരുവനന്തപുരം: കെ റെയിൽ പദ്ധതിക്ക് വേണ്ടി നടത്തുന്ന സാമൂഹികാഘാത പഠനത്തിൻ്റെ മറവിൽ സ്ഥലമേറ്റെടുക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. കേരളത്തിൽ പദ്ധതി നടപ്പിലാക്കാൻ അനുവദിക്കില്ല. യുഡിഎഫ് സമരം ശക്തമാക്കും.
മന്ത്രിമാർ ഉൾപ്പടെ ആര് കല്ലിടാൻ ശ്രമിച്ചാലും അത് പിഴുതെറിയും. കെ റെയിൽ ഉദ്യോഗസ്ഥരുടെ ജോലി മന്ത്രിമാർ ഏറ്റെടുക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു. പദ്ധതിയുടെ പേരിൽ എത്രയും വേഗം സ്ഥലം ഏറ്റെടുത്ത് ഈ സ്ഥലം പണയപ്പെടുത്തി ജൈക്കയിൽ നിന്നും വായ്‌പയെടുത്ത് അഴിമതിയുടെ വാതിൽ തുറക്കാനാണ് സർക്കാർ ശ്രമിയ്ക്കുന്നത്.
കാണാച്ചരടിൽ കേരളത്തെ കെട്ടിത്തൂക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ജനങ്ങളെ കബളിപ്പിയ്ക്കുകയാണ് കെ റെയിലിലൂടെ സർക്കാർ ചെയ്യുന്നത്. സർവ സന്നാഹങ്ങളുമായി വന്നാലും ജനങ്ങളെ ചേർത്ത് നിർത്തി പദ്ധതിയെ ചെറുത്ത് തോൽപ്പിയ്ക്കും.
സംസ്ഥാനത്തെ ഐടി പാർക്കുകളിൽ ബാറുകൾക്കും പബുകൾക്കും അനുമതി നൽകുന്ന സർക്കാരിന്‍റെ പുതിയ മദ്യനയത്തിൽ ചർച്ചയ്ക്ക് ശേഷം മറുപടി പറയും. വാര്‍ത്ത ചാനല്‍ ഓഫിസിലേക്കുള്ള തൊഴിലാളി സംഘടനകളുടെ മാര്‍ച്ചിനോട് യോജിപ്പില്ല, പിന്നില്‍ അസഹിഷ്‌ണുതയാണ്. സമരത്തിൽ ഐഎൻടിയുസി പങ്കെടുക്കുന്നത് ചർച്ച ചെയ്യും. ഐഎൻടിയുസിയെ നിലപാട് അറിയിയ്ക്കുമെന്നും വി.ഡി സതീശൻ പറഞ്ഞു.
Also read: ലോകായുക്ത ഓര്‍ഡിനന്‍സ് പുതുക്കി ഇറക്കും; എതിര്‍ത്ത് സിപിഐ