തിരുവനന്തപുരം: ഐഎസ്ആർഒ ചാരക്കേസിലെ ഗൂഢാലോചന കേസില്‍ അഡിഷണൽ സോളിസിറ്റർ ജനറൽ ഓഫ് ഇന്ത്യ ഹാജരാകുമെന്ന് സിബിഐ. മുൻ പൊലീസ് മേധാവി സിബി മാത്യുസ്, ഡിവൈഎസ്‌പി ജോഷ്വ എന്നിവർ സമർപ്പിച്ച മുൻകൂർ ജാമ്യപേക്ഷയിൽ വാദം പരിഗണിക്കുമ്പോഴാണ് സിബിഐ കോടതിയില്‍ ഇക്കാര്യം അറിയിച്ചത്.
തിരുവനന്തപുരം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. അതേസമയം, ജെയിൻ കമ്മിറ്റി റിപ്പോർട്ടിൽ സുപ്രീംകോടതി നടത്തിയ പരാമർശം സിബിഐക്ക് കേസിൽ സമ്മർദ്ദം കൂട്ടുമെന്നാണ് വിലയിരുത്തുന്നത്. ജെയിൻ കമ്മിറ്റി റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ മാത്രം കേസ് മുന്നോട്ട് കൊണ്ടുപോകരുതെന്നും, റിപ്പോർട്ട് പ്രാഥമിക വിവരം മാത്രമാണെന്നും പരമോന്നത കോടതി നിരീക്ഷിച്ചിരുന്നു. കേസിൽ സിബിഐ സ്വതന്ത്രമായി അന്വേഷണം നടത്തി തെളിവുകൾ കണ്ടെത്തണമെന്നാണ് കോടതി ഉത്തരവ്.