തിരുവനന്തപുരം : അന്താരാഷ്ട്ര വനിതാദിനാചരണത്തിന്‍റെ സംസ്ഥാനതല ഉദ്ഘാടനം മാര്‍ച്ച് 8ന് വൈകുന്നേരം 5 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങിൽ ആരോഗ്യ - വനിത ശിശുവികസന വകുപ്പ് മന്ത്രി വീണ ജോര്‍ജ് അധ്യക്ഷത വഹിക്കും.
'നല്ലൊരു നാളേയ്ക്കായി സുസ്ഥിര ലിംഗസമത്വം ഇന്നേ' എന്നതാണ് ഈ വര്‍ഷത്തെ വനിതാദിന സന്ദേശം. അന്താരാഷ്ട്ര വനിതാദിനത്തോടനുബന്ധിച്ച് വിവിധ പരിപാടികളാണ് വനിത ശിശുവികസന വകുപ്പിന്‍റെ നേതൃത്വത്തില്‍ ആവിഷ്‌കരിച്ച് നടപ്പിലാക്കി വരുന്നത്.
വനിതാരത്നം പുരസ്കാരം
സംസ്ഥാനതല ഉദ്ഘാടനത്തോടനുബന്ധിച്ച് വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ചവര്‍ക്കുള്ള സംസ്ഥാന സര്‍ക്കാരിന്‍റെ 2021ലെ വനിതാരത്‌ന പുരസ്‌കാരം മുഖ്യമന്ത്രി വിതരണം ചെയ്യും. ശാന്ത ജോസ്, ഡോ. വൈക്കം വിജയലക്ഷ്‌മി, ഡോ. സുനിത കൃഷ്ണന്‍, ഡോ. യു.പി.വി. സുധ എന്നിവരാണ് ഇത്തവണത്തെ വനിത രത്‌ന പുരസ്‌കാരം നേടിയത്.
ALSO READ:ആര്യ രാജേന്ദ്രൻ-സച്ചിൻ ദേവ് വിവാഹ നിശ്ചയം നടന്നു ; ചടങ്ങുകൾ എകെജി സെൻ്ററിൽ
അങ്കണവാടി മുഖേന നല്‍കുന്ന സേവനങ്ങള്‍ പൂര്‍ണമായി ജനങ്ങളില്‍ എത്തിക്കുന്നതിനായി സ്‌തുത്യര്‍ഹമായ സേവനം കാഴ്‌ചവച്ച സംസ്ഥാനത്തെ അങ്കണവാടി വര്‍ക്കര്‍മാര്‍, ഹെല്‍പര്‍മാര്‍, സൂപ്പര്‍വൈസര്‍മാര്‍, ശിശുവികസന പദ്ധതി ഓഫിസര്‍, പ്രോഗ്രാം ഓഫിസര്‍, ജില്ല കലക്‌ടര്‍ എന്നിവര്‍ക്കുളള അവാര്‍ഡും വിതരണം ചെയ്യും.
14 ജില്ലകളിലെ മികച്ച ഓരോ അങ്കണവാടികള്‍ക്കുമുളള ഐസിഡിഎസ് അവാര്‍ഡുകളും വിതരണം ചെയ്യും. സ്ത്രീധനത്തിനെതിരായുള്ള പരാതികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനുള്ള പോര്‍ട്ടല്‍ ഉദ്ഘാടനവും ചടങ്ങിൽ മുഖ്യമന്ത്രി നിര്‍വഹിക്കും.