തിരുവനന്തപുരം:കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടക്കാനിരിക്കുന്ന ഇന്ത്യ- ദക്ഷിണാഫ്രിക്ക ടി20 മത്സരത്തിന് ഇനി മണിക്കൂറുകൾ മാത്രം. രാത്രി 7.30 മുതലാണ് മത്സരം. മത്സരത്തിനായി വിപുലമായ സജ്ജീകരണങ്ങളാണ് ഒരുക്കിയിരിക്കുന്നത്. കളി കാണാനെത്തുന്നവർക്ക് വൈകിട്ട് 4.30 മുതലാണ് സ്റ്റേഡിയത്തിൽ പ്രവേശനം.
38,000 പേർക്കാണ് കളി കാണാൻ അവസരം. ടിക്കറ്റുകളെല്ലാം വിറ്റുപോയതായി കേരള ക്രിക്കറ്റ് അസോസിയേഷൻ അറിയിച്ചു. സ്റ്റേഡിയത്തിൽ കയറാൻ ടിക്കറ്റിനൊപ്പം തിരിച്ചറിയൽ കാർഡും കാണിക്കണം. മാസ്‌ക് നിർബന്ധമാണ്. റണ്ണൊഴുകുന്ന ഫ്ലാറ്റ് പിച്ചാണ് കാര്യവട്ടത്ത് ക്യൂറേറ്റർ ബിജു എ.എമ്മിന്‍റെ നേതൃത്വത്തിൽ ഒരുക്കിയിരിക്കുന്നത്.
ടോസ് നിർണായകം :രാത്രിയിൽ മഞ്ഞുവീഴാൻ സാധ്യതയുള്ളതിനാൽ ആദ്യം ബാറ്റ് ചെയ്യുന്ന ടീമിനാകും മുൻതൂക്കം. അതുകൊണ്ടുതന്നെ ടോസ് വളരെ നിർണായകമാണ്. ഏഴ് എസ്‌പിമാരുടെ നേതൃത്വത്തില്‍ 1,650 പൊലീസ് ഉദ്യോഗസ്ഥരെയാണ് സുരക്ഷയ്ക്കായി നിയോഗിക്കുന്നത്. ടിക്കറ്റുകളുടെ ക്യുആര്‍ കോഡ് സ്‌കാന്‍ ചെയ്‌തായിരിക്കും കാണികളെ സ്‌റ്റേഡിയത്തിലേക്ക് പ്രവേശിപ്പിക്കുക.
പ്ലാസ്റ്റിക് കുപ്പി, മദ്യക്കുപ്പി, വടി, കൊടി, തോരണങ്ങള്‍, എറിയാന്‍ പറ്റുന്നതായ സാധനങ്ങള്‍, പടക്കം, ബീഡി, തീപ്പെട്ടി, സിഗരറ്റ് തുടങ്ങിയ സാധനങ്ങളുമായി സ്റ്റേഡിയത്തിനുള്ളില്‍ കയറാന്‍ പാടില്ല. മൊബൈല്‍ ഫോണ്‍ മാത്രമേ അകത്തേക്ക് കൊണ്ടുപോകാന്‍ അനുവദിക്കുകയുള്ളൂ. മദ്യപിച്ചോ മറ്റ് ലഹരി ഉപയോഗിച്ചോ എത്തുന്നവരെ ഒരു കാരണവശാലും സ്റ്റേഡിയത്തിനുള്ളില്‍ പ്രവേശിപ്പിക്കില്ല.
അതേസമയം ഓസ്‌ട്രേലിയക്കെതിരായ ടി20 പരമ്പര സ്വന്തമാക്കിയതിന്‍റെ ആത്മവിശ്വാസത്തിലാണ് ക്യാപ്റ്റൻ രോഹിത് ശർമ്മയും സംഘവും. അടുത്ത മാസം ഓസ്‌ട്രേലിയയിൽ നടക്കുന്ന 20 -20 ലോകകപ്പിന് ഒരുങ്ങാനുള്ള അവസാന അവസരം കൂടിയാണീ പരമ്പര. അതിനാൽ തന്നെ വിജയത്തിൽ കുറഞ്ഞതൊന്നും ഇന്ത്യൻ സംഘം ചിന്തിക്കുന്നില്ല.
കുടിശ്ശിക തീർക്കാൻ സർക്കാർ : കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലെ വിവിധ കുടിശികകൾ തീർക്കാൻ സർക്കാർ 6 കോടി രൂപ അനുവദിച്ചു. വൈദ്യുതി, വെള്ളം, കോര്‍പ്പറേഷനുള്ള പ്രോപ്പര്‍ട്ടി ടാക്‌സ് എന്നീ ഇനങ്ങളിലായി കാര്യവട്ടം സ്‌പോട്‌സ് ഫെസിലിറ്റി ലിമിറ്റഡ് (കെ.എസ്.ആന്‍റ്.എഫ്.എല്‍) വരുത്തിയ കുടിശിക അടയ്ക്കാന്‍ മാത്രം ഉപയോഗിക്കുന്നതിനായാണ് ഈ തുക.
ക്രിക്കറ്റ് മത്സരവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ എല്ലാ സൗകര്യങ്ങളും പിന്തുണയും കേരള ക്രിക്കറ്റ് അസോസിയേഷന് നല്‍കുന്നുണ്ട്. മത്സരം നല്ല നിലയില്‍ നടത്താന്‍ എല്ലാ സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് കായിക മന്ത്രി വി അബ്ദുറഹ്‌മാൻ പറഞ്ഞു.
ഡി.ബി.ഒ.ടി (ഡിസൈന്‍ ബില്‍ഡ് ഓപ്പറേറ്റ് ആന്‍റ് ട്രാന്‍സ്‌ഫര്‍) രീതിയില്‍ നിര്‍മ്മിച്ച സ്‌റ്റേഡിയമാണിത്. 2027 വരെയാണ് കെ.എസ്.എഫ്.എല്ലിന് ഈ അവകാശമുള്ളത്. അവര്‍ സ്‌റ്റേഡിയം പരിപാലിക്കുന്നതിൽ അനാസ്ഥ കാട്ടിയതിനെ തുടര്‍ന്നാണ് ആന്വിറ്റി തുക ആറു കോടിയോളം സര്‍ക്കാര്‍ പിടിച്ചുവെച്ചത്.
2019-20 കാലയളവിലെ ആന്വിറ്റിയില്‍ നിന്ന് പിടിച്ചുവച്ച തുകയാണ് ഇപ്പോള്‍ അനുവദിച്ചത്. ഈ കുടിശികകള്‍ തീര്‍ക്കുന്നതിന് 6 കോടിയില്‍ നിന്ന് ആവശ്യമായ തുക നല്‍കാന്‍ സ്‌പോട്‌സ് ആന്‍റ് യൂത്ത് അഫയേഴ്‌സ് ഡയറക്‌ടര്‍ നടപടി സ്വീകരിക്കുമെന്നും അറിയിച്ചിട്ടുണ്ട്.