തിരുവനന്തപുരം: ഒരു വാർത്ത മാറ്റിമറിച്ച ജീവിതത്തിലേക്ക് കൂടുതല്‍ സഹായങ്ങളെത്തുകയാണ്. അച്ഛനും അമ്മയും ഉപേക്ഷിച്ചു പോയിട്ടും തന്‍റെ ചെറുമക്കളെ മക്കളെ പോലെ കണ്ട് പോറ്റിവളർത്തുന്ന തിരുവനന്തപുരം പുഞ്ചക്കര സ്വദേശി സുധയ്‌ക്ക് ഇനി തന്‍റെ കുഞ്ഞുങ്ങള്‍ക്ക് ഒരു വീടിന്‍റെ സംരക്ഷണം നല്‍കാം.
വാർത്ത ശ്രദ്ധയിൽപ്പെട്ട വാർഡ് കൗൺസിലർ ഡി. ശിവൻകുട്ടി സുധയ്ക്കും ചെറുമക്കളായ അഭിജിത്തിനും അമൃതയ്ക്കും വീട് വച്ചു നൽകാനുള്ള നടപടി സ്വീകരിക്കുമെന്ന് അറിയിച്ചു. ഭൂമിയില്ലെന്നതായിരുന്നു ലൈഫ് ഭവന പദ്ധതിയില്‍ ഉള്‍പ്പെടാൻ തടസമായി നിന്നത്. എന്നാൽ ഭൂമി കണ്ടെത്തി ലൈഫ് മിഷൻ വഴി വീട് വച്ച് നൽകുമെന്ന് കൗണ്‍സിലർ അറിയിച്ചു.
ഇതിന് ജനകീയ കൂട്ടായ്‌മയുടെ പിന്തുണയുമുണ്ടാകും. ഒരു വീടെന്ന സ്വപ്നം യാഥാർഥ്യമാക്കാൻ കഴിയുന്നതെല്ലാം ചെയ്യുമെന്ന് നേമം മണ്ഡലത്തിലെ എംഎൽഎയും വിദ്യാഭ്യാസ മന്ത്രിയുമായ ശിവൻകുട്ടി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു.
Read More:ഒരു പാട് പട്ടിണി കിടന്നു, ഇനി പഠിക്കണം.. ജീവിക്കണം.. മൂന്ന് ജീവനുകൾക്ക് പറയാനുള്ളത്
ജൂൺ 29നാണ് അതിജീവനം തേടിയുള്ള മൂന്ന് ജീവനുകളുടെ നെട്ടോട്ടത്തിന്‍റെ കഥ ഇടിവി ഭാരത് പുറത്തുവിട്ടത്. അച്ഛനും അമ്മയും ഉപേക്ഷിച്ചു പോയിട്ടും തന്‍റെ ചെറുമക്കളെ പ്രാണനെ പോലെ കൊണ്ടു നടക്കുന്ന സുധയുടെയും, അമ്മൂമ്മയെ അമ്മയായി കണ്ട് സ്നേഹിക്കുന്ന അഭിജിത്തിന്‍റെയും അമൃതയുടെയും കഥ ഉള്ളുലയ്ക്കുന്നതായിരുന്നു.