തിരുവനന്തപുരം: കാലവര്‍ഷം ശക്തമായതിനെ തുടര്‍ന്ന് സംസ്ഥാനത്ത് 342 ക്യാമ്പുകളിലായി 3530 കുടുംബങ്ങളിലെ 11,446 പേരെ മാറ്റി പാര്‍പ്പിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. വയാനാട്ടിലാണ് ഏറ്റവും കൂടുതല്‍ ക്യാമ്പുകള്‍ തുറന്നത്. 69 ക്യാമ്പുകളിലായി 3795 പേരെയാണിവിടെ മാറ്റി പാര്‍പ്പിച്ചിരിക്കുന്നത്. പത്തനംതിട്ട 43 ക്യാമ്പുകളിലായി 1015 പേരേയും, കോട്ടയത്ത് 38 ക്യാമ്പുകളിലായി 801 ആളുകളേയും എറണാകുളത്ത് 30 ക്യാമ്പുകളിലായി 852 പേരേയും ഇടുക്കിയില്‍ 17 ക്യാമ്പുകളിലായി 542 ആളുകളേയും മലപ്പുറത്ത് 18 ക്യാമ്പുകളിലായി 890 പേരേയും മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്. സംസ്ഥാനത്തെ ഡാമുകളില്‍ ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. മുല്ലപ്പെരിയാര്‍ റിസര്‍വോയറിന്‍റെ ക്യാച്‌മെന്‍റ് ഏരിയയില്‍ ജലനിരപ്പ് വളരെ വേഗം ഉയരുകയാണ്. 136 അടി എത്തുന്ന ഘട്ടത്തില്‍ മുല്ലപ്പെരിയാറിലെ ജലം ടണല്‍ വഴി വൈഗൈ ഡാമിലേക്ക് എത്തിക്കാനും പുറത്തേക്ക് ഒഴുക്കിവിടാനും നിര്‍ദേശം നല്‍കണമെന്ന് തമിഴ്‌നാട് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.
സംസ്ഥാനത്ത് കാലവര്‍ഷം ശക്തം; ക്യാമ്പുകളിലുള്ളത് 11,446 പേര്‍ - മുല്ലപ്പെരിയാര്‍ ഡാം
സംസ്ഥാനത്തെ ഡാമുകളില്‍ ജലനിരപ്പ് ഉയര്‍ന്നിട്ടുണ്ട്. മുല്ലപ്പെരിയാര്‍ റിസര്‍വോയറിന്‍റെ ക്യാച്‌മെന്‍റ് ഏരിയയില്‍ ജലനിരപ്പ് വളരെ വേഗം ഉയരുകയാണ്.
ചാലക്കുടി ബേസിനില്‍ വെള്ളത്തിന്‍റെ അളവ് കൂടിയതിനാല്‍ പെരിങ്ങല്‍കുത്ത് റിസര്‍വോയറിലെ ഷട്ടറുകള്‍ തുറന്നു. പെരിങ്ങല്‍കുത്ത് ഡാമിലെ ജലനിരപ്പ് റെഡ് അലര്‍ട്ട് ലെവലിലേക്ക് ഉയര്‍ന്നിട്ടുണ്ട്. പറമ്പിക്കളം ആളിയാര്‍ പ്രൊജക്ടിലെ അണക്കെട്ടുകള്‍ തുറക്കുന്ന സന്ദര്‍ഭത്തില്‍ കേരളത്തിലെ എഞ്ചിനീയര്‍മാരുമായി ബന്ധപ്പെടുകയും വെള്ളപ്പൊക്കത്തിന്‍റെ തീവ്രതയും ജലത്തിന്‍റെ ഒഴുക്കും ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ കൈമാറുകയും വേണമെന്ന് തമിഴ്‌നാട് ഗവണ്‍മെന്‍റിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. തിരുവനന്തപുരം ജില്ലയില്‍ നെയ്യാര്‍ ഡാമിന്‍റെ നാല് ഷട്ടറുകള്‍ തുറന്നിട്ടുണ്ട്. പേപ്പാറ ഡാമും പരിമിതമായി തുറന്നിട്ടുണ്ട്. പമ്പ ഡാം തുറക്കാന്‍ സാധ്യതയുണ്ട്. പമ്പ ജലസംഭരണിയുടെ പരമാവധി ജലനിരപ്പ് 986.33 മീറ്ററും നീല അലര്‍ട്ട് ലെവല്‍ 982.00 മീറ്ററും ആയി നിജപ്പെടുത്തിയിട്ടുണ്ട്. കെഎസ്ഇബിയുടെ കീഴിലുള്ള മൂഴിയാര്‍ ഡാമിന്‍റെയും ജലസേചന വകുപ്പിന്‍റെ കീഴിലുള്ള മണിയാര്‍ സംഭരണിയുടെയും സ്പില്‍വേകള്‍ തുറന്നിട്ടുണ്ട്.
പാലക്കാട് ജില്ലയില്‍ ഇതുവരെ കാഞ്ഞിരപ്പുഴ, മംഗലം എന്നിങ്ങനെ രണ്ട് ഡാമുകളാണ് തുറന്നത്. വാളയാര്‍ ഡാം തുറക്കുന്നതിനുള്ള മുന്നറിയിപ്പ് നല്‍കി. മഴ തുടരുകയാണെങ്കില്‍ ബാണാസുര ഡാം ഷട്ടറുകള്‍ തുറക്കേണ്ട സാഹചര്യമുണ്ടാകും. അതിശക്തമായ മഴ ഉണ്ടായാല്‍ പനമരം പുഴയില്‍ ഉണ്ടാകാനിടയുള്ള പ്രളയം ഒഴിവാക്കാന്‍ കാരാപ്പുഴ ഡാമില്‍നിന്ന് കൂടുതല്‍ വെള്ളം പുറത്തു വിടേണ്ടി വരും. കണ്ണൂര്‍ ജില്ലയില്‍ പ്രധാന നദികളിലെല്ലാം ജലനിരപ്പ് അപാകടകരാംവിധം ഉയര്‍ന്നിട്ടുണ്ട്. വളപട്ടണം. മയ്യില്‍, ശ്രീകണ്ഠപുരം തുടങ്ങിയ സ്ഥലങ്ങളിലേക്ക് രക്ഷാപ്രവര്‍ത്തനത്തിനായി ബോട്ടുകള്‍ സജ്ജമാക്കി. കാസര്‍കോട് കൊന്നക്കാട് വനത്തിനകത്ത് മണ്ണിടിച്ചിലുണ്ടായി. ചൈത്രവാഹിനിപ്പുഴ കരകവിഞ്ഞു. കാലിക്കടവ് കുന്നുംകൈ റോഡിലും പെരുമ്പട്ടയിലും വെള്ളം കയറി. കാര്യങ്കോട് പുഴയില്‍ വെള്ളം ഉയരാന്‍ സാധ്യതയുണ്ട്.