തിരുവനന്തപുരം : വിഴിഞ്ഞം തുറമുഖ നിർമാണം ഇഴഞ്ഞുനീങ്ങുന്നതിന് പിന്നിൽ പാറ ലഭ്യമാകാത്തതാണെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ. പാറ ലഭ്യമല്ലാത്തത് കാരണം പുലിമുട്ട് നിർമാണം തടസപ്പെടുന്നുവെന്നും ഇതിൽ കമ്പനിക്ക് വീഴ്‌ച പറ്റിയെന്നും തുറമുഖ വകുപ്പ് മന്ത്രി നിയമസഭയിൽ പറഞ്ഞു.
മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് സഹായം ലഭ്യമാക്കാൻ ശ്രമിക്കുന്നുണ്ട്. തമിഴ്‌നാട് മുഖ്യമന്ത്രിയുമായി ഇക്കാര്യത്തിൽ ചർച്ച നടത്തിയെന്നും മന്ത്രി വ്യക്തമാക്കി.
സർക്കാർ ക്രിയാത്മകമായി ഇടപെട്ടില്ലെന്ന് എം.വിൻസന്‍റ്
അതേസമയം തുറമുഖ നിർമാണ പ്രവർത്തനങ്ങൾ പൂർത്തിയാക്കേണ്ട കാലാവധി അവസാനിച്ച് ഒന്നര വർഷമായിട്ടും സർക്കാരിന്‍റെ ഭാഗത്തുനിന്നും ക്രിയാത്മക ഇടപെടലുകൾ ഉണ്ടാകുന്നില്ലെന്ന് അടിയന്തര പ്രമേയം അവതരിപ്പിച്ചുകൊണ്ട് എം.വിൻസന്‍റ് എം.എൽ.എ പറഞ്ഞു.
തുറമുഖ പദ്ധതി പൂർത്തിയാകാത്ത സർക്കാരും കമ്പനിയും പ്രതിസ്ഥാനത്താണ്. ഇരട്ടി കാലാവധി ആയാലും പദ്ധതി പൂർത്തിയാകാത്ത അവസ്ഥയാണ്. നിർമാണ പ്രവർത്തനങ്ങൾ മോണിറ്റർ ചെയ്യാൻ സർക്കാർ തയ്യാറായില്ല.
ഉമ്മൻചാണ്ടി സർക്കാരിന്‍റെ കാലത്ത് മിക്കവാറുമുള്ള ജോലികൾ പൂർത്തിയാക്കിയിരുന്നുവെന്നും പാറ ലഭ്യമാക്കാനുള്ള ജോലി മാത്രമായിരുന്നു ഇടതുസർക്കാരിന് ഉണ്ടായിരുന്നതെന്നും വിൻസന്‍റ് പറഞ്ഞു.