തിരുവനന്തപുരം:സ്വപ്‌ന ചതിക്കുമെന്ന് കരുതിയില്ലെന്ന് ആത്മകഥയിൽ എം ശിവശങ്കർ. ജന്മദിന സമ്മാനമായി സ്വപ്‌ന തനിക്ക് ഐഫോൺ സമ്മാനിച്ചുവെന്നാണ് ശിവശങ്കര്‍ പറയുന്നത്. വഴിയിൽ കിടന്ന തേങ്ങ എടുത്ത് ഗണപതിക്ക് അടിക്കുന്ന പോലെ. മാധ്യമങ്ങൾക്ക് തന്നെ കള്ളനാക്കാൻ ഒരു കഥ കൂടിയായി. ശിവശങ്കർ പറയുന്നത് ഇങ്ങനെ -
"ഉച്ചയോടെ ഞെട്ടിക്കുന്ന ഒരു വാർത്ത കിട്ടി. ഞാൻ കസ്റ്റംസിൽ സറണ്ടർ ചെയ്‌ത ഫോൺ സ്വപ്‌ന എനിക്ക് ജന്മദിന സമ്മാനമായി നൽകിയതായിരുന്നു. റെഡ് ക്രസൻ്റ് എന്ന യുഎഇ ആസ്ഥാനമായ എൻജിഒ വടക്കാഞ്ചേരിയിൽ നിർമിക്കുന്ന ഭവനസമുച്ചയത്തിൻ്റെ നിർമാണ ഏജൻസിയായ യുണിടാക്കിൻ്റെ സിഇഒ സന്തോഷ് ഈപ്പൻ്റെ കൈയില്‍ നിന്ന് സ്വപ്‌ന വാങ്ങിയ അഞ്ച് ഐ ഫോണുകളിൽ ഒന്നാണത്രേ അത്. അതായത് സ്വപ്‌ന എനിക്ക് ജന്മദിന സമ്മാനമായി നൽകിയത് അവർക്ക് കൈക്കൂലിയായി ലഭിച്ചു എന്ന് പറയപ്പെടാവുന്ന സാധനമത്രേ. വഴിയിൽ കിടന്ന തേങ്ങ എടുത്ത് ഗണപതിക്ക് അടിക്കുന്ന പോലെ. ഇത്തരമൊരു ചതി സ്വപ്‌ന എന്നോട് ചെയ്യുമെന്ന് ഞാൻ ഒരിക്കലും കരുതിയിരുന്നില്ല."
'സ്വപ്‌നക്ക് ജോലി വാങ്ങി നൽകണമെന്ന് നിർദേശിച്ചിട്ടില്ല'
സ്വപ്‌നയുടെ ബയോഡേറ്റയിലെ റഫറൻസ് പേരുകളിലൊന്ന് തൻ്റേതായിരുന്നു എന്നല്ലാതെ അവരെ ജോലിക്കെടുക്കണമെന്നോ അവരെത്തന്നെ സ്പേസ് പാർക്കിൽ ജോലിക്കായി നിയോഗിക്കണമെന്നോ താൻ ഒരു സമയത്തും എവിടെയും നിർദേശിച്ചിട്ടില്ലെന്ന് ശിവശങ്കർ പറയുന്നു.